കോഴിക്കോട് : വിരിഞ്ഞുനിൽക്കുന്ന പൂക്കൾ കണ്ടാൽ ആരും കൊതിച്ചുപോകും. എന്നാല്‍ ഈ കൗതുകക്കാഴ്ചയെ ഉഗ്രന്‍ 'കെണി'യാക്കി മാറ്റിയിരിക്കുകയാണ് ചെറുകുളത്തൂര്‍ കിഴക്കും പാടത്ത് രാമചന്ദ്രന്‍ എന്ന കർഷകൻ.
ഇക്കോളജിക്കല്‍ എഞ്ചിനീയറിങ്ങുമായി രാമചന്ദ്രൻ വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികള്‍ക്കും നെല്‍കൃഷിക്കും ചുറ്റുമായി ചെട്ടിപ്പൂക്കള്‍ കൊണ്ടൊരു സംരക്ഷണ വലയം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം. പച്ചക്കറി തോട്ടത്തില്‍ ചെട്ടിപൂക്കള്‍ക്കെന്ത് കാര്യമെന്നല്ലേ! ഈ വിളകളെ സംരക്ഷിച്ച് നിര്‍ത്തുന്നത് ഈ ഇത്തിരിക്കുഞ്ഞന്‍ പൂക്കളാണ്.
also read:അരുണിന് ചെമ്പരത്തി ചെറിയ ചെടിയല്ല, അതറിയണമെങ്കില്‍ പൂക്കാടേക്ക് പോകണം
വെണ്ട, ചീര, പയര്‍, വെള്ളരി, പാവല്‍, വഴുതിന, വാഴ തുടങ്ങിയവയ്‌ക്കൊപ്പം നെല്‍ കൃഷിയും രാമചന്ദ്രൻ ചെയ്യുന്നുണ്ട്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പച്ചക്കറി തോട്ടത്തില്‍ കീടങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു ഇദ്ദേഹം. വളര്‍ച്ചയെത്തും മുന്‍പേ വിളകളെ കീടങ്ങള്‍ ആക്രമിക്കുന്നത് പതിവായി. അതോടെ കാര്യമായ വിളവെടുപ്പും ഇല്ലാതായി.
ഇക്കോളജിക്കല്‍ എഞ്ചിനീയറിങ്
അങ്ങനെയാണ് ഇക്കോളജിക്കല്‍ എഞ്ചിനീയറിങ്ങ് രീതി തന്‍റെ കൃഷിയിടത്തില്‍ പരീക്ഷിച്ചത്. കൃഷിവകുപ്പില്‍ നിന്നാണ് ഇതേക്കുറിച്ച് അറിഞ്ഞത്. പൂക്കള്‍ വിരിഞ്ഞുതുടങ്ങിയതോടെ തോട്ടത്തിലെ കീടങ്ങളും ഇല്ലാതായി. പുഴുക്കള്‍, കീടങ്ങള്‍, പ്രാണികള്‍ തുടങ്ങിയവയെല്ലാം പൂക്കളിലേക്ക് ആകര്‍ഷിക്കപ്പെടുകയും പച്ചക്കറികള്‍ സുരക്ഷിതമാവുകയും ചെയ്യും.
വിരിഞ്ഞു നില്‍ക്കുന്ന ചെട്ടി പൂക്കള്‍
എന്നാല്‍ പച്ചക്കറികളുടെ വിളവെടുപ്പ് കഴിഞ്ഞിട്ടും ചെട്ടി പൂക്കള്‍ വിടര്‍ന്നുനിന്നു. ഇത്തവണ രണ്ട് തവണ ചെട്ടി വിത്ത് വിതച്ചു. നാലഞ്ച് മാസത്തോളം ചെട്ടിപ്പൂക്കള്‍ പൂത്ത് നില്‍ക്കുമെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ തവണ ഇത്തരത്തില്‍ കൃഷി ചെയ്തിരുന്നെങ്കിലും വെള്ളപ്പൊക്കത്തില്‍ നശിച്ചിരുന്നു.
വിളഞ്ഞ് നില്‍ക്കുന്ന പച്ചക്കറികള്‍ പോലെ മനോഹരമായ കാഴ്ചയാണ് വിടര്‍ന്നുനില്‍ക്കുന്ന പൂക്കളെന്നും രാമചന്ദ്രന്‍ പറയുന്നു. കീടങ്ങളെ അകറ്റാന്‍ വേണ്ടിയാണ് പൂ കൃഷി ചെയ്ത് തുടങ്ങിയതെങ്കിലും ഇപ്പോള്‍ പലരും ചെട്ടി അന്വേഷിച്ച് വരുന്നതായും ഇദ്ദേഹം പറയുന്നു.