കോഴിക്കോട്:മെഡിക്കൽ കോളജിൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കള്‍ കീഴടങ്ങി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുൺ ഉൾപ്പടെയുള്ളവരാണ് കീഴടങ്ങിയത്. പ്രതികളായ അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ല കോടതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍.
മെഡിക്കൽ കോളജിൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസ്: ഡിവൈഎഫ്ഐ നേതാക്കള്‍ കീഴടങ്ങി പ്രതികളെ മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് എത്തിക്കും. കഴിഞ്ഞ ബുധനാഴ്‌ചയാണ് (31.08.2022) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ ഡിവൈഎഫ്ഐ സംഘം അക്രമം അഴിച്ച് വിട്ടത്. അനുമതിയില്ലാതെ ആശുപത്രിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനേയും കുടുംബത്തേയും തടഞ്ഞതിന് പിന്നാലെയാണ് സുരക്ഷ ജീവനക്കാർക്ക് ക്രൂര മർദനമേറ്റത്.
മൂന്ന് സുരക്ഷ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനും പാർട്ടി പ്രവർത്തകരുടെ മർദനമേറ്റിരുന്നു. സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് പ്രതി പട്ടികയിൽ ചേർത്തത്.
കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ കെ അരുണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ആരോഗ്യവകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാരനാണ് കെ അരുണ്‍ എന്ന വിവരമാണ് പുറത്ത് വന്നത്. മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന് കീഴിലെ വെയര്‍ഹൗസിലെ പായ്‌ക്കിങ് വിഭാഗത്തിലായിരുന്നു അരുണിന്‍റെ ജോലി. എന്നാല്‍ മാസങ്ങളായി അരുണ്‍ ജോലിക്ക് വരാറില്ലെന്നാണ് മാനേജരുടെ വിശദീകരണം.
Also read: ആശുപത്രി സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി