കോഴിക്കോട്: കോഴിക്കോട് ജില്ല കലക്‌ടറായി ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് പുതിയ കലക്‌ടര്‍ സ്ഥാനമേറ്റത്. കോഴിക്കോട് ജില്ല കലക്‌ടറായിരുന്ന സാംബശിവ റാവുവിന് സര്‍വേ ഡയറക്‌ടറായി സ്ഥാനമാറ്റം ലഭിച്ചിരുന്നു.
കോഴിക്കോടും പത്തനംതിട്ടയിലും പുതിയ കലക്‌ടര്‍മാര്‍ ചുമതലയേറ്റു പത്തനംതിട്ടയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക്
2013 ബാച്ച് ഐഎഎസ് ഓഫിസറായ ലോഹിത് റെഡ്ഡി ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയാണ്. ഈ വര്‍ഷം ജനുവരി 25 നാണ് പത്തനംതിട്ട ജില്ല കലക്‌ടറായി നിയമിതനായത്.
ഇടുക്കി ജില്ലയുടെ സബ് കലക്‌ടറായും സേവനം അനുഷ്‌ഠിച്ച അദ്ദേഹം സിവിൽ സപ്ലൈസ് ഡയറക്‌ടര്‍, തിരുവനന്തപുരം നഗരസഭ സെക്രട്ടറി, രജിസ്ട്രാർ ഓഫ് കോർപറേറ്റീവ്സ് പദവികളും വഹിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ ദിവ്യ എസ് അയ്യര്‍
അതേസമയം, പത്തനംതിട്ട ജില്ലയുടെ പുതിയ കലക്‌ടറായി ഡോ. ദിവ്യ എസ് അയ്യര്‍ ചുമതലയേറ്റു. സ്‌ത്രീ ശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കുമെന്ന് ചുമതലയേറ്റ ശേഷം കലക്‌ടര്‍ പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിനും പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട സമൂഹത്തിന്‍റെ ഉന്നമനത്തിനും വയോജനങ്ങളുടെ സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുമെന്നും കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ തിരുവനന്തപുരം സ്വദേശിയാണ്. അസിസ്റ്റന്‍റ് കലക്‌ടറായി കോട്ടയം ജില്ലയിലും സബ് കലക്‌ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി, ദേശീയ ആയുഷ്‌മിഷന്‍ എന്നിവയുടെ മിഷന്‍ ഡയറക്‌ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് പത്തനംതിട്ട ജില്ല കലക്‌ടറായി നിയമനം ലഭിയ്ക്കുന്നത്.
Also read:സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി സഞ്ജയ് കൗള്‍ ചുമതലയേറ്റു