കോഴിക്കോട് : യുഡിഎഫിന്‍റെ ബാലികേറാമലയായ ബാലുശേരിയിൽ സ്റ്റാർ സ്ഥാനാർഥിയായിരുന്ന ധർമജനും അവസാനം ഉടക്കി. തോൽവിക്ക് പിന്നാലെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് 'ഹാസ്യതാരം' തൊടുത്തത്. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
ധർമജന്‍റെ പരാതി ഇങ്ങനെ
നിയമസഭ തെരഞ്ഞെടുപ്പിൽ ബാലുശേരി മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാൻ ഇവിടുത്തെ ഒരു വിഭാഗം നേതാക്കള്‍ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും തന്‍റെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. പ്രചാരണ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുന്നതിനൊപ്പമാണ് ഇരുവരും പണപ്പിരിവ് നടത്തിയത്. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വീഴ്‌ച മൂലം കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും വോട്ടുകൾ കുറഞ്ഞു. പാർട്ടിയുടെ കുടുംബസംഗമങ്ങളിൽ പോലും നേതാക്കൾ എത്തിയില്ല.
also read:സിനിമയിൽ കൂടുതലും കോൺഗ്രസ് അനുഭാവികൾ, തുറന്നുപറയാൻ പലരും മടിക്കുന്നു: ധർമജൻ
ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍
ധർമജൻ നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ പറഞ്ഞു. സ്ഥാനാർഥിയെന്ന നിലയിൽ പ്രചാരണത്തിന് പണം കണ്ടെത്താൻ ധർമജനായില്ല. ഇതോടെ അദ്ദേഹത്തിന്‍റെ അനുമതി വാങ്ങിയാണ് സംഭാവന സ്വീകരിച്ചത്. രസീത് നൽകി ചില വ്യക്തികളിൽ നിന്നും പണം വാങ്ങി. ഇത്തരത്തിൽ 80,000 രൂപ മാത്രമാണ് ലഭിച്ചത്. പിരിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന കെപിസിസി നിർവാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയെയും ഏൽപ്പിക്കുകയാണ് ചെയ്‌തത്.
ധര്‍മജനെതിരെ ഒരു വിഭാഗം നേതാക്കള്‍
ബാലുശേരിയിലെ സ്ഥാനാർഥിയെന്ന നിലയിൽ ധർമജൻ വൻ പരാജയമായിരുന്നെന്നും യുഡിഎഫിനായി മത്സരിച്ച ആരും മണ്ഡലത്തിൽ ഇങ്ങനെയൊരു തോൽവി ഏറ്റുവാങ്ങിയിട്ടില്ലെന്നുമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ വാദം. വോട്ടെണ്ണുന്ന ദിവസം സ്ഥാനാർഥി മണ്ഡലത്തിൽ എത്തിയില്ല. ഉണ്ണികുളത്തുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവരെ സന്ദർശിക്കാൻ പോലും അദ്ദേഹം തയാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത യുഡിഎഫ് പ്രവർത്തകരോട് അദ്ദേഹം നന്ദികേടാണ് കാണിച്ചതെന്നും ഇവര്‍ പറയുന്നു.