കോഴിക്കോട്: കോടഞ്ചേരി മിശ്ര വിവാഹത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്ര വിവാഹങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത് ക്രൈസ്‌തവര്‍ മാത്രമല്ലെന്നും 'കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മുസ്‌ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുഖപ്രസംഗം.
വിവാഹം പാര്‍ട്ടി അറിഞ്ഞില്ലെന്ന സിപിഎം വാദത്തേയും ദീപിക പരിഹസിച്ചു. വിവാഹത്തെ കുറിച്ച് പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ കുടുംബത്തിനോടും പറയേണ്ടേ. മാതാപിതാക്കള്‍ക്ക് സ്വന്തം മകളോട് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
മലയാളികളായ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ന്ന് ജയിലില്‍ കഴിയുന്നവരെ കുറിച്ച് മലയാളികള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാണ്. ലൗ ജിഹാദില്ലെന്ന് പറയുന്ന സിപിഎമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെ കുറിച്ച് ഭയമുണ്ട്.