കോഴിക്കോട്: മുസ്‌ലിം മതവിശ്വാസികള്‍ക്കിടയിലെ പുരോഗമന ചിന്താഗതിക്കാരൻ, മുസ്‌ലിം വിഭാഗങ്ങൾ തുടർന്ന് പോന്ന പല പരമ്പരാഗത ചിന്താഗതികളെയും പ്രസംഗത്തിലൂടെ കീറിമുറിച്ചയാള്‍. സിപിഎമ്മിന്‍റെ മികച്ച നേതാവായും പ്രാസംഗികനായും രാഷ്‌ട്രീയ കേരളം അംഗീകരിച്ച സഖാവ് സി.പി കുഞ്ഞ് തന്‍റെ പഴയ തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെയ്ക്കുന്നു.
കുഞ്ഞ് പേരില്‍ മാത്രം: വാക്കിലും രാഷ്‌ട്രീയത്തിലും സിപി കുഞ്ഞും ആ ഓർമകളും ചെറുതല്ല വിഭിന്ന ആശയങ്ങൾ വളർന്ന് വന്നാൽ മുസ്‌ലീമിന്‍റെ താൽപര്യം മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സി.പി.കുഞ്ഞ് കമ്യൂണിസ്റ്റ് രാഷ്ട്രീയം സ്വീകരിക്കുന്നത്. വാക്കുകൾ കൊണ്ട് മായാജാലം കാണിച്ചിരുന്ന കുഞ്ഞിനെ കേള്‍ക്കാൻ പതിനായിരങ്ങള്‍ കാതോര്‍ത്തിരിക്കുമായിരുന്നു. പ്രസംഗ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അതിരാവിലെ കോഴിക്കോട്ടെ വീട്ടിൽ ആളെത്തുന്ന കാലത്തെക്കുറിച്ച് കുഞ്ഞിന് തൊണ്ണൂറാം വയസിലും ഓര്‍മയുണ്ട്. തിരിച്ചെത്തുന്നത് അര്‍ധരാത്രി കഴിഞ്ഞ്. തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലങ്ങളിൽ നിന്നും മണ്ഡലങ്ങളിലേക്ക് ഓടിനടന്ന് പ്രസംഗിച്ച കാലവും കഥകളും കുഞ്ഞിന്‍റെ മനസിലുണ്ട്.
നർമ്മത്തിൽ ചാലിച്ച അർഥവത്തായ വാക്കുകളാണ് സി.പി കുഞ്ഞിനെ നേതാവാക്കിയത്. കോഴിക്കോട് ഗണപത് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രസംഗിച്ചു തുടങ്ങുന്നത്. വായിച്ചതും കേട്ടതുമെല്ലാം ആഴത്തിൽ മനസിലാക്കി സഹപാഠികളിലേക്ക് പകർന്നു, പിന്നീടത് സമൂഹത്തിലേക്കും. പാർട്ടി ക്ലാസുകളിൽ എത്തിയതോടെ മറ്റൊരു അർഥതലം കൈവന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വരെയായി. 1987ൽ കോഴിക്കോട് രണ്ടിൽ നിന്നും 2,277 വോട്ടിന് ജയിച്ച് നിയമസഭയിൽ എത്തി. മുസ്‌ലിം ലീഗിലെ കെ.കെ മുഹമ്മദിനെയാണ് പരാജയപ്പെടുത്തിയത്. എന്നാൽ 1991ൽ എം.കെ മുനീറിനോട് 3883 വോട്ടിന് തോറ്റു. പിന്നീട് കോർപ്പറേഷനിലെ സിപിഎമ്മിന്‍റെ ബാലികേറാമലയായ സിവിൽ സ്റ്റേഷൻ വാർഡിലും പരാജയപ്പെട്ടു. ഇതോടെ തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ നിന്ന് പിന്മാറി.
രാഷ്ട്രീയ പാർട്ടികളിൽ ജനങ്ങളോട് മാന്യത പുലർത്തുന്ന പാർട്ടി സിപിഎം ആണെന്ന് സി.പി കുഞ്ഞ് പറയുന്നു. എന്നാൽ അതിന്‍റെ പ്രാധാന്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നും സി.പി കുഞ്ഞ് പറഞ്ഞു. പഴയ കാലത്ത് ഒരു കമ്യൂണിസ്റ്റുകാരനാകുക എന്നത് അഭിമാനമായിരുന്നു. നേതാക്കളുടെ സ്വഭാവ മേന്മയായിരുന്നു അതിന് കാരണം. ഒരു തെറ്റ് ചെയ്യേണ്ടി വരുമ്പോൾ രണ്ട് തവണ ആലോചിക്കുന്നവനാണ് കമ്യൂണിസ്റ്റുകാരൻ.
സ്വയം വിമർശനം നടത്തുമ്പോൾ ആ തെറ്റിൽ നിന്നും അവർ പിന്തിരിയും താനും അങ്ങനെ ചിന്തിച്ചിട്ടുണ്ടെന്ന് സി.പി കുഞ്ഞ് പറഞ്ഞു. കമ്യൂണിസ്റ്റുകാരന്‍റെ സിദ്ധാന്തം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. അവരുടെ ജീവിതപ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം കണ്ടെത്തണം. ഇപ്പോഴും ആ സിദ്ധാന്തം പിന്തുടരുന്നത് സിപിഎമ്മാണ്. പ്രവർത്തനങ്ങളുടെ ഫലമെന്നോണം പിണറായി സർക്കാരിന് തുടർച്ച ഉണ്ടാകുമെന്നും സി.പി കുഞ്ഞ് പറയുന്നു.