കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെ.വി തോമസ് പങ്കെടുത്തത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. കെ.വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. നടപടി എടുത്തില്ലെങ്കിൽ ശശി തരൂരിനോട് കൂടി ചെയ്യുന്ന അനീതിയാകുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
കെ മുരളീധരന്‍ മാധ്യമങ്ങളോട് കെ.വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുക മാത്രമല്ല ചെയ്‌തത്, ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തി. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. കോൺഗ്രസിൽ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാകാം കെ.വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ദാസനാണ് പിണറായി വിജയൻ. മോദിക്കെതിരെ പറഞ്ഞാൽ സിൽവർലൈൻ റദ്ദാക്കുമെന്ന പേടിയുണ്ട്. അതുകൊണ്ടാണ് പാർട്ടി കോൺഗ്രസിൽ മോദിക്കെതിരെ ഒന്നും പറയാതെ ഇരുന്നതെന്നും മുരളീധരൻ ആരോപിച്ചു.
ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തെ കൊണ്ട് മാത്രം കഴിയില്ല. എകെജിയുടെ പാരമ്പര്യമൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർക്ക് ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം, കെ.വി തോമസ് ഒരു വർഷമായി സിപിഎമ്മുമായി ചർച്ച നടത്തിയെന്ന കെ സുധാകരന്‍റെ പ്രസ്‌താവനയോട് പ്രതികരിച്ച മുരളീധരന്‍, അത്തരം ചർച്ചകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കി.
Also read: 'ഞാന്‍ ശക്തന്‍ ആയതിനാലാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്': കെവി തോമസ്