കോഴിക്കോട്:കെ.പി.സി.സി പുനഃസംഘടനയില്‍ തര്‍ക്കങ്ങളുണ്ടെന്ന് സമ്മതിച്ച് കെ മുരളീധരന്‍. തർക്കം ഹൈക്കമാന്‍റ് പരിഹരിക്കുമെന്നും ഗ്രൂപ്പിനെതിരായ വികാരമാണ് പ്രവർത്തകർക്കുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായം സ്വീകരിക്കണമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസ് പുനഃസംഘടനയിൽ ഹൈക്കമാൻഡിനെ അതൃപ്‌തി അറിയിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കൂടിയാലോചന ഇല്ലാതെയാണ് ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടിക ഹൈക്കമാൻഡിന് നൽകിയതെന്ന് ഇരുവരും പാർട്ടി നേതൃത്വത്തെ അറിയിച്ചു. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നീക്കമെന്നും ഇരുവരും ആരോപിച്ചിരുന്നു.
കൂടാതെ വിഷയത്തിൽ പരാതിയുമായി മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും പരസ്യമായി രംഗത്ത് വന്നിരുന്നു. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക സമര്‍പ്പിച്ച വിവരം അറിഞ്ഞതെന്ന് വി.എം. സുധീരന്‍ ആരോപിച്ചിരുന്നു.