കോഴിക്കോട് :കേരളപ്പിറവി ദിനം കുട്ടികൾക്ക് 'പുതുയുഗ'പ്പിറവിയാണ്. വീടെന്ന പഠനശാലയിൽ നിന്ന് സ്‌കൂൾ എന്ന വിശാലതയുടെ ലോകത്തേക്ക് അവർ കടക്കുകയാണ്. കഴിഞ്ഞ 20 മാസം കൊണ്ട് കുട്ടികളിൽ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. സ്‌കൂളിൽ പോവാതെയും കൂട്ടം കൂടാതെയും പഠിക്കാം എന്നവർ മനസിലാക്കിക്കഴിഞ്ഞു.
പശ്ചാത്യ രീതികൾ ഇവിടെയും ഫലവത്തായി. സാങ്കേതിക വിദ്യകളിൽ അവർ അമ്മാനമാടി. എങ്കിലും വരും നാളുകളിൽ നാം ഏത് രീതിയിൽ പഠന ദിവസങ്ങളെ സമീപിക്കണം എന്നതിൽ വിശദമായ മാർഗനിർദേശം നൽകുകയാണ് കോഴിക്കോട് തിരുവങ്ങൂർ ഹയർസെക്കന്‍ററി സ്‌കൂളിലെ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശിവദാസ് പൊയിൽക്കാവ്.
വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ
വെല്ലുവിളികൾ നിറഞ്ഞ ദിനങ്ങളാണ് വരാൻ പോകുന്നതെന്നാണ് ശിവദാസ് ആമുഖമായി വ്യക്തമാക്കുന്നത്. ഒരു ചട്ടക്കൂടിന് അപ്പുറത്തേക്ക് പല തരത്തിലുള്ള വിദ്യകൾ കുട്ടികൾ നേടിക്കഴിഞ്ഞു. ഓരോ കുട്ടിക്കും എന്തൊക്കെ കഴിവുണ്ട് എന്ന് തിരിച്ചറിയുന്നത് അധ്യാപക വിദ്യാർഥി ബന്ധത്തിൽ നിന്നാണ്.
അതിന് അടിത്തറ നൽകുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്നും പാഠഭാഗങ്ങൾ കാണാതെ പഠിച്ച് മാർക്ക് നേടുന്നതല്ല വിദ്യാഭ്യാസമെന്നും ശിവദാസ് പൊയിൽക്കാവ് പറയുന്നു. ഓൺലൈൻ ക്ലാസിന്‍റെ മറവിൽ പല ലോകങ്ങളും കുട്ടികൾ അറിഞ്ഞുകഴിഞ്ഞു. പല ഗെയിമുകളുടേയും 'ആപ്പി'ലാണ് കുട്ടികൾ. വഴിതെറ്റി സഞ്ചരിക്കുന്നവരേയും അടിമകളായവരേയും നേർരേഖയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അധ്യാപകരും രക്ഷിതാക്കളും അതിന് കൂട്ടായി പ്രവർത്തിക്കേണ്ടി വരും.