കോഴിക്കോട് : അച്‌ഛന്‍റെയും മകളുടേയും പുസ്‌തകങ്ങൾക്ക് ഒരേ വേദിയിൽ പ്രകാശനം. പത്മനാഭൻ പൊയിൽക്കാവിന്‍റെ 'രാവണൻ പരുന്ത്' എന്ന കഥാസമാഹാരവും, മകൾ വിനീത മണാട്ടിന്‍റെ 'ജ്യോതിർഗമയ' (ബാലസാഹിത്യ നോവൽ), 'കഥയിൽ നിന്നും കണാരേട്ടൻ ഇറങ്ങിപ്പോയപ്പോൾ' (കഥാസമാഹാരം) എന്നീ രണ്ട് പുസ്‌തകങ്ങളുമാണ് ഒരേ വേദിയിൽ പുറത്തിറക്കിയത്. ഏകാന്തതയുടെ എഴുത്തുകാരനാണ് പത്മനാഭൻ പൊയിൽക്കാവ് എങ്കിൽ ചുറ്റുപാടിനൊപ്പം ചേർന്ന് എഴുതുന്ന രീതിയാണ് വിനീതയുടേത്.
ചേമഞ്ചേരി യു.പി സ്‌കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച പത്മനാഭൻ പൊയിൽക്കാവ് കുട്ടിക്കാലം തൊട്ടേ എഴുതാറുണ്ട്. 1965-75 കാലഘട്ടത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിറസാന്നിധ്യമായിരുന്നു. നിരവധി റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്. അക്കാലത്ത് എഴുതിയ കഥകളിൽ നിന്നും തെരഞ്ഞെടുത്ത 13 കഥകളുടെ സമാഹാരമാണ് രാവണൻ പരുന്ത്.
നേര്‍ക്കാഴ്‌ചകളുടെ കഥച്ചെപ്പ് തുറന്ന് അച്ഛനും മകളും ; ഒരേ വേദിയിൽ പ്രകാശനമെന്ന അപൂര്‍വതയും കൊവിഡിന്‍റെ എഴുത്തുകാരി : കൊവിഡ് കാലത്ത് വീണുകിട്ടിയ ഒഴിവുവേളകളിൽ എഴുതി തുടങ്ങിയതാണ് വിനീത മണാട്ട്. ആദ്യകാലത്ത് പേപ്പറിൽ കുത്തിക്കുറിച്ച പഴയ കഥകൾ പൊടി തട്ടി ഫോണിൽ പകർത്തി. അത് കുട്ടികൾക്കായി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വായിക്കാൻ അയച്ചു. അങ്ങിനെ രണ്ട് വർഷങ്ങൾ കൊണ്ട് 5 പുസ്തകങ്ങൾ എഴുതി. ഒന്ന് ഒലിവ് ബുക്‌സും ബാക്കിയെല്ലാം ജി.വി പബ്ലിക്കേഷൻസുമാണ് പ്രസിദ്ധീകരിച്ചത്.
അധ്യാപകനും എഴുത്തുകാരനുമായ രമേശ് കാവിലില്‍ നിന്നും എഴുത്തുകാരനും സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവാണ് 'രാവണൻ പരുന്ത്' ഏറ്റുവാങ്ങിയത്. സംവിധായകനും ചിത്രകാരനുമായ ടി. ദീപേഷിൽ നിന്നും കവി സത്യചന്ദ്രൻ പൊയിൽക്കാവ് വിനീത മണാട്ടിന്‍റെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപകനും കവിയുമായ യു.കെ രാഘവൻ മാസ്റ്റർ പുസ്‌തക പരിചയം നടത്തി.
ശശികുമാർ പാലക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്‍റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കന്മന ശ്രീധരൻ മാസ്റ്റർ, ശങ്കരൻ കുന്ന്യേടത്ത്, സത്യനാഥൻ മാടഞ്ചേരി, ശിവദാസ് കാരോളി, സജിത് പൂക്കാട്, ആശ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പത്മനാഭൻ പൊയിൽക്കാവിന്‍റെ മറുമൊഴിക്കുശേഷം വിനീത മണാട്ട് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.