കോഴിക്കോട് : ജല ടൂറിസത്തിന്റെ അനന്ത സാധ്യതകളെ ലോകത്തിന് മുന്നിലെത്തിക്കുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടൻ ആസിഫ് അലി നിർവഹിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ജില്ല കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
എറണാകുളം കോതമംഗലം സ്വദേശി അനൂപ് ശാന്തകുമാർ തയ്യാറാക്കിയ ലോഗോയാണ് ഫെസ്റ്റിനായി തെരഞ്ഞെടുത്തത്. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പെരുമ ഉയർത്തും വിധം പായ് വഞ്ചി നിയന്ത്രിക്കുന്ന തുഴക്കാരനെ ഉൾപ്പെടുത്തി മനോഹരമായാണ് ലോഗോ ഒരുക്കിയിട്ടുള്ളത്. ജലത്തെ പ്രതിനിധീകരിക്കുന്ന നീലയും പച്ചയും നിറങ്ങൾ ചേർന്നതാണ് ലോഗോ.
ഏവരെയും ഉൾപ്പെടുത്തി അതിവിപുലമായി ചാലിയാറിൽ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടത്തുമെന്നും വരും വർഷങ്ങളിൽ ഇത് തുടർന്നുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈവിധ്യമാർന്ന പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടത്തും. കൂടാതെ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി എല്ലാവിധ കൊവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് ഇത്തവണ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.