കോഴിക്കോട്:നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ലോഡ്ജില്‍ മയക്കുമരുന്നുമായി യുവതിയുള്‍പ്പടെ എട്ടുപേരെ പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും നഗരത്തിൽ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയുള്ള മെത്തലിന്‍ ഡയോക്സി മെത്തഫെറ്റാമിന്‍ (എംഡിഎംഎ)യുമായാണ് യുവാക്കളെ പിടികൂടിയത്.
എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് ചേവായൂർ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്), സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 44 ഗ്രാം എംഡിഎംഎയാണ് സംഘം കണ്ടെടുത്തത്.
പ്രതികൾക്ക് അന്താരാഷ്‌ട്ര ബന്ധമെന്ന് സംശയം
കേസിൽ അറസ്റ്റിലായ അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് എട്ട് വർഷത്തെ ശിക്ഷ കഴിഞ്ഞ് എട്ട് മാസം മുമ്പ് കുവൈറ്റ് സർക്കാരിന്‍റെ പൊതുമാപ്പിൽ ജയിൽ മോചിതനായയാളാണ്. കുവൈറ്റിൽ ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശിയിൽ നിന്നുമാണ് അൻവർ ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും പറയുന്നു.
നഗരത്തിൽ കർശന നിരീക്ഷണം
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന എംഡിഎംഎക്ക് ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിന് സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം നാല് മുതൽ ആറു മണിക്കൂർ വരെ ലഹരി നിൽക്കുന്നതിനാൽ സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.