കോഴിക്കോട്:സ്വാതന്ത്ര്യ സമര സന്ദേശവുമായിരാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ആദ്യമായി കേരളത്തില്‍ കാല് കുത്തിയിട്ട് ഇന്നേക്ക് നൂറ് വര്‍ഷം. ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മൗലാന ഷൗക്കത്തലിയുടെ കൂടെ 1920 ആഗസ്റ്റ് 18നാണ് ഗാന്ധി കോഴിക്കോടെത്തിയത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെയും നിസ്സഹകരണ സമരത്തിന്‍റെയും പ്രചാരണത്തിന് വേണ്ടിയായിരുന്നു യാത്ര.
മഹാത്മ ഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന് 100 വയസ് - മോഹൻദാസ് കരംചന്ദ് ഗാന്ധി
ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെയും നിസ്സഹകരണ സമരത്തിന്‍റെയും പ്രചാരണത്തിന് വേണ്ടി സ്വാതന്ത്ര്യ സമര സേനാനി മൗലാന ഷൗക്കത്തലിയുടെ കൂടെയായിരുന്നു ആദ്യ സന്ദര്‍ശനം. പിന്നീട് നാല് തവണ കൂടി അദ്ദേഹം കേരളത്തിലെത്തി.
ഉച്ചക്ക് 2.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഗാന്ധിജിയെ ജനക്കൂട്ടത്തെ സാക്ഷി നിർത്തി മുത്തുക്കോയ തങ്ങൾ മാലയിട്ടു സ്വീകരിച്ചു. വൈകുന്നേരം 6.30ന് കടപ്പുറത്ത് ഇരുപതിനായിരത്തിലേറെ ആളുകൾ പങ്കെടുത്ത പൊതുസമ്മേളനം. വേദിയിൽ വെച്ച് കെ. രാവുണ്ണി മേനോൻ 2500 രൂപയുള്ള പണക്കിഴി ഖിലാഫത്ത് നിധിക്കുവേണ്ടി ഗാന്ധിജിക്ക് സമ്മാനിച്ചു. കെ. മാധവൻ നായരാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ആദ്യത്തെ വരവില്‍ ഒറ്റദിവസം മാത്രമാണ് ഗാന്ധി കോഴിക്കോട്ട് തങ്ങിയത്. ആഗസ്റ്റ് 19ന് രാവിലെ തീവണ്ടിയില്‍ ഷൗക്കത്തലിക്കൊപ്പം മംഗലാപുരത്തേക്ക് തിരിച്ചു. നാട്ടുരാജാക്കന്മാരുടേയും പ്രഭുക്കന്മാരുടെയും കൈയിലായിരുന്ന രാഷ്ട്രീയത്തെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാൻ തുടക്കം കുറിച്ചതായിരുന്നു ആ സമര പ്രചാരണ യാത്ര.
പിന്നീട് നാല് തവണ കൂടി മോഹൻദാസ് കരംചന്ദ് ഗാന്ധി കേരളം സന്ദർശിച്ചു. 1925 മാർച്ച് എട്ടിനായിരുന്നു രണ്ടാം വരവ്. അന്ന് 12 ദിവസം ഗാന്ധിജി കേരളത്തിൽ തങ്ങി. തുടർന്ന് 1927 ഒക്ടോബർ ഒന്‍പതിനും 1934 ജനുവരി 10നും 1937 ജനുവരി 12നും ഗാന്ധി കേരളത്തിൽ എത്തി.