കോട്ടയം: യൂറോപ്യൻ രാജ്യങ്ങളിൽ ഡിസംബർ മാസം തുടങ്ങുമ്പോൾ ക്രിസ്‌മസിന്‍റെ വരവറിയിച്ച് വീടുകളുടെ മുന്‍വാതിലില്‍ റീത്തുകൾ സ്ഥാപിക്കുന്ന പതിവുണ്ട്. ഇപ്പോൾ കേരളത്തിലും മിക്ക വീടുകളിലും അലങ്കാരത്തിന്‍റെ ഭാഗമായി ക്രിസ്‌മസ് റീത്ത് വയ്ക്കുന്നുണ്ട്.
കോട്ടയം കീഴുക്കുന്ന് സ്വദേശി സീലിയ മൂന്നു വർഷത്തിലേറെയായി ക്രിസ്‌മസ് റീത്ത് നിർമിച്ചു വരുന്നു. ബന്ധുവാണ് റീത്ത് നിര്‍മിക്കാന്‍ സീലിയയെ പഠിപ്പിച്ചത്. ക്രിസ്‌മസ് അടുക്കുന്നതോടെ നിരവധി പേരാണ് സീലിയയുടെ റീത്ത് തേടി എത്തുന്നത്.
മനോഹരമായ ക്രിസ്‌മസ് റീത്തുകള്‍ ഒരുക്കി കോട്ടയം സ്വദേശി ചൂരൽ പോലുള്ള കനം കുറഞ്ഞ വസ്‌തുക്കള്‍ കൊണ്ടുള്ള വളയത്തിൽ പൈൻ ഇലകൾ, തുണിയോ പ്ലാസ്റ്റികോ കൊണ്ടുള്ള പൂക്കളും ഇലകളും വച്ച് അലങ്കരിക്കും. ക്രിസ്‌മസ് പാപ്പ, ബെൽ, ബോൾ, ഡ്രംസ് തുടങ്ങിയ അലങ്കാരങ്ങളും മെറി ക്രിസ്‌മസ് എന്ന ആശംസ വാചകവും മനോഹരമായി ഒരുക്കിയാണ് ക്രിസ്‌മസ് റീത്ത് നിർമിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ഡ്രൈ ഫ്ലവേഴ്‌സ്, എവർ ഗ്രീൻ ഇലകൾ, മുള്ളുകൾ, പഴങ്ങൾ എന്നിവ ഉപയോഗിച്ചാണ് റീത്തുകൾ നിർമിക്കുന്നത്. കൂടുതൽ നാൾ നിൽക്കേണ്ടതിനാൽ പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവ കൊണ്ടുള്ള വസ്‌തുക്കളാണ് സീലിയ റീത്ത് നിർമിക്കാൻ ഉപയോഗിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ സീലിയ പങ്കുവക്കുന്ന റീത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാണ് ആവശ്യക്കാര്‍ എത്തുന്നത്. ആവശ്യക്കാരുടെ താല്‍പര്യത്തിന് അനുസരിച്ചും റീത്തുകൾ നിർമിച്ചു നൽകുന്നു. 200 മുതൽ 2,000 രൂപ വരെയാണ് റീത്തുകളുടെ നിരക്ക്. ക്രിസ്‌മസിന് ശേഷം വോൾ ഡെക്കറേഷനായും റീത്ത് ഉപയോഗിക്കാം.
ക്രിസ്‌മസ് റീത്ത് ചരിത്രം
പുരാതന റോമില്‍ വിജയത്തിന്‍റെ അടയാളമായി അലങ്കരിച്ച റീത്തുകള്‍ വീടുകളുടെ പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ ശൈത്യകാലത്തെ വരവേല്‍ക്കാനും പ്രത്യാശയുടെ ലക്ഷണമായും ദേവദാരു ഇലകള്‍ കൂട്ടിച്ചേര്‍ത്ത് റീത്തുകള്‍ ഉണ്ടാക്കിയിരുന്നു. പില്‍ക്കാലത്ത് ജര്‍മനിയിലെ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരും ക്രിസ്‌മസുമായി ബന്ധപ്പെടുത്തി റീത്തുകള്‍ അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തി പോന്നു.
Also read: ക്രിസ്‌മസ് വിപണി സജീവമായി; താരമാകാന്‍ എല്‍ഇഡി നക്ഷത്രങ്ങള്‍