തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് :വിജയദശമി നാളില്‍പനച്ചിക്കാട് ദക്ഷിണ മൂകാംബികയിലെ വിദ്യാരംഭത്തിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. പുലര്‍ച്ചെ നാലിന് നടന്ന പൂജയെടുപ്പിന് ശേഷം വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. സരസ്വതി സന്നിധിയിലെ വിദ്യാമണ്ഡപത്തിലായിരുന്നു ഹരിശ്രീ കുറിക്കല്‍.
ആചാര്യൻമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊവിഡ് പ്രോട്ടോക്കോൾ മൂലം കുട്ടികളെ രക്ഷിതാക്കളുടെ മടിയിലിരുത്തിയാണ് ചടങ്ങുകൾ നടത്തിയത്. ആചാര്യൻമാരുടെ നിര്‍ദേശാനുസരണം രക്ഷിതാക്കൾ കുട്ടികളുടെ കൈപിടിച്ച് ഹരിശ്രീ എഴുതിച്ചു. പത്ത് കുട്ടികൾക്ക് ഒരു ആചാര്യൻ എന്ന നിലയ്ക്കാണ് ക്രമീകരിച്ചിരുന്നത്. മണിക്കൂറിൽ 200 കുട്ടികള്‍ക്കാണ് വിദ്യാരംഭത്തിന് അവസരമൊരുക്കിയത്. പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ പ്രീ ബുക്കിങ് സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
സരസ്വതി നടയിൽ ദർശനത്തിന് വലിയ തിരക്കുണ്ടായി. സരസ്വതി നടയ്ക്ക് ചുറ്റും വിരിച്ച മണലിൽ മുതിർന്നവരും ഹരിശ്രീ എഴുതി. വിഷ്‌ണു ക്ഷേത്രത്തിലും പുലര്‍ച്ചെ മുതൽ ദർശനത്തിനായി ആളുകൾ എത്തിയിരുന്നു കലാമണ്ഡപത്തിൽ അരങ്ങേറ്റത്തിനും സംഗീതാർച്ചനയ്ക്കും നിരവധി പേരാണ് എത്തിയത്.
കോഴിക്കോട് പ്രധാന ക്ഷേത്രങ്ങളിലെല്ലാം എഴുത്തിനിരുത്തും ആയുധപൂജയും നടന്നു.
തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകം തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ വിജയദശമി ആഘോഷങ്ങൾ നടന്നു.