കോട്ടയം: എംജി സർവകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയ്ക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന അധ്യാപകനെ നീക്കി. നാനോ ടെക്നോളജി സെന്‍റര്‍ ഡയറക്‌ടര്‍ നന്ദകുമാര്‍ കളരിക്കലിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. സർക്കാർ നിർദേശ പ്രകാരമാണ് തീരുമാനമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
നന്ദകുമാറിനെതിരെ ജാതീയ അധിക്ഷേപം ആരോപിച്ച് ദീപ കഴിഞ്ഞ എട്ട് ദിവസമായി ഉപവാസ സമരത്തിലായിരുന്നു. എംജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോപണവിധേയനെതിരായ സർവകലാശാലയുടെ നടപടി നീളുകയാണെങ്കിൽ അധ്യാപകൻ മാറിനിൽക്കാൻ സർക്കാർ നിർദേശം നൽകുമെന്നും സമരത്തിൽനിന്നു പിന്മാറണമെന്ന് വിദ്യാർഥിയോട് അഭ്യർഥിയ്ക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എന്നാല്‍ ജാതീയമായി അധിക്ഷേപിച്ച അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിയ്ക്കില്ലെന്ന് ദീപ നിലപാട് വ്യക്തമാക്കി. സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി അധ്യാപകനും വിസിയും പലതും ചെയ്‌തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് പുറത്തുവരുമെന്ന് ഭയന്നാണ് അധ്യാപകനെ മാറ്റാൻ വിസി തയ്യാറാകാത്തതെന്നും ഇതുസംബന്ധിച്ച തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞിരുന്നു.
Read more: അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥിനി