കോട്ടയം : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. കോട്ടയം പാലാ സ്വദേശിനിയായ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയാണ് പണം തന്നില്ലെങ്കിൽ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പരാതിയെ തുടർന്ന് ഡൽഹിയിൽ എത്തി പാലാ പൊലീസ് ഇയാളെ പിടികൂടി.
ഉത്തർപ്രദേശ് ഗൊരഖ്‌പൂർ ചാർഗ് വാൻ രപ്തിനഗർ ഫേസിൽ മോനു കുമാർ റാവത്തിനെയാണ് (25) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിൽക്കെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പാലാ പൊലീസ് പിടികൂടിയത്.