കോട്ടയം :മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ വൻ ലഹരി വേട്ട. കാറിൽ വിൽപ്പനക്കെത്തിച്ച ആറ് ലക്ഷത്തിൻ്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി. ചൊവ്വാഴ്ച്ച രാത്രിയിൽ മണിപ്പുഴ ഈരയിൽ കടവ് ബൈപാസിൽ നടന്ന വാഹന പരിശോധനയിലാണ് 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
സംഭവത്തിൽ പാലക്കാട് പട്ടാമ്പി സ്വദേശി സൈനുൽ ആബിദ് (24), ഒറ്റപ്പാലം സ്വദേശി റിയാസ് (34) എന്നിവരെ കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘവും ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടി. ഇവർ സഞ്ചരിച്ച മാരുതി ബലേനോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ക്രിസ്‌മസ് ന്യൂ ഇയർ പ്രമാണിച്ച് ജില്ലയിലേക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.