കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പാതിവഴിയില്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്ന ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചുകൂടേയെന്ന ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ പറഞ്ഞു. പദ്ധതിക്കെതിരെ സർക്കാർ നീങ്ങില്ലെന്നാണ് ഇപ്പോഴും താൻ വിശ്വസിക്കുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
പദ്ധതി വേണമോ വേണ്ടയോ എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. അതിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. വിഷയത്തില്‍ സർക്കാർ നിലപാട് വ്യക്തമാക്കിയതിന് ശേഷം തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും ശുഭപ്രതീക്ഷയാണ് വച്ചുപുലർത്തുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച ആകാശപ്പാത ആവശ്യമില്ലെങ്കിൽ പൊളിച്ച് നീക്കാനാണ് കോടതി നിർദേശം.
2016ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി:നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ആകാശപ്പാതയുടെ തൂണുകളും കമ്പികളും ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എ.കെ ശ്രീകുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. 2016ല്‍ നഗരമധ്യത്തിലുണ്ടായിരുന്ന ശീമാട്ടി റാണ്ടാന പൊളിച്ച് നീക്കിയാണ് അതേ സ്ഥലത്ത് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്.