കോട്ടയം :എം.എം മണി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും മണിയുടെ ശത്രു അദ്ദേഹത്തിന്‍റെ നാക്ക് തന്നെയാണെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഞ്ചല്‍ ബേബി വധക്കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനെതിരേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയും മണി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'2012 ല്‍ തൊടുപുഴക്കടുത്ത് മണക്കാട് വെച്ചായിരുന്നു പ്രസംഗം. പാര്‍ട്ടി യോഗത്തിലെ മണിയുടെ പ്രസംഗം സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. അന്ന് മണി അത് നിഷേധിച്ചില്ല. അതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എം.എം മണിയുടെ ശത്രു അദ്ദേഹത്തിന്‍റെ നാക്ക് തന്നെയാണ്. അതുകൊണ്ടെനിക്ക് പ്രശ്‌നമൊന്നുമില്ല.' തിരുവഞ്ചൂര്‍ പറഞ്ഞു.