കോട്ടയം: വി.എസ് അച്യുതാനന്ദന് എതിരായ മാനനഷ്‌ടക്കേസിൽ വിധിക്കെതിരെ അപ്പീൽ പോകുക എന്നത് വി എസ് അച്യുതാനന്ദന്‍റെ അവകാശമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വി എസ് അച്യുതാനന്ദനെതിരായ മാനനഷ്‌ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മിഷൻ റിപ്പോർട്ടിലും കുറ്റക്കാരൻ എന്ന പരാമർശം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്‍റെ പ്രസ്‌താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. തെറ്റ് ചെയ്‌തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.
2013ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിന്‍റെ ആരോപണം. 2014 ലാണ് പ്രതിപക്ഷ നേതാവിനെതിരെ ഉമ്മൻചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്‌തത്.