കോട്ടയം:കോതനല്ലൂരില്‍ ഓട്ടോ ഡ്രൈവറുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ആറുപേർ പിടിയില്‍. അതിരമ്പുഴ സ്വദേശി ജിബിൻ ജോസ് (21), കാണക്കാരി സ്വദേശി മെൽവിൻ ജോസഫ് (26), ഓണംതുരുത്ത് സ്വദേശി അഭിജിത്ത് (22), അതിരമ്പുഴ സ്വദേശി സിയാദ് (24), നീണ്ടൂർ സ്വദേശി ശരത്ത് (23), കാണക്കാരി സ്വദേശി ഡെൽബിൻ (23) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഗുണ്ട ആക്രമണണത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മാത്യു തിരികെ വീട്ടിലെത്തിയപ്പോഴായിരുന്നു ബോംബേറ്.
ഓട്ടോ ഡ്രൈവർ മാത്യുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനും അനധികൃതമായി തോക്ക് കൈവശം സൂക്ഷിച്ചതിനുമാണ് ജിബിൻ, മെൽവിൻ, അഭിജിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചതിനാണ് സിയാദ്, ശരത്ത്, ഡെല്‍ബിന്‍ എന്നിവര്‍ അറസ്റ്റിലായത്. മെയ് ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.