കോട്ടയം:മധ്യവേനലവധിക്ക് ശേഷം സ്‌കൂളിലെത്തുന്ന കൊച്ചു കൂട്ടുകാരെ സ്വീകരിക്കാനൊരുങ്ങി കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലെ വെള്ളൂക്കുട്ട സ്‌കൂൾ. സ്‌കൂൾ ചുവരുകളിൽ കാടിന്‍റെ ദൃശ്യ ഭംഗി ഒരുക്കിയാണ് വിദ്യാർഥികൾക്ക് സ്വീകരണം ഒരുക്കുന്നത്. പഠനം ആനന്ദകരമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വൻ മരങ്ങളും പാറക്കൂട്ടങ്ങളും കാട്ടുചോലകളുമാണ് സ്‌കൂളിന്‍റെ പുറം ചുവരുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.
ലുട്ടാപ്പിയുടെ ഗുഹയും കുട്ടുസനും ഡാകിനിയും മായാവിയും ചിത്രകഥകളിലെ കഥാപാത്രങ്ങളും ചുവരിൽ വരച്ചു ചേർക്കുന്നുണ്ട്. ത്രീഡി ചിത്രങ്ങളിലൂടെയാണ് ചുവരിൽ കാടിന്‍റെ ഭംഗി പകർത്തിയിരിക്കുന്നത്. കുട്ടികൾക്ക് സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്‌ടിക്കുകയാണു ഉദ്ദേശമെന്ന് സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ശാലിനി സാമുവേൽ പറഞ്ഞു.