കോട്ടയം: റബ്ബര്‍ വില ഉയര്‍ന്നിട്ടും കര്‍ഷകരുടെ ദുരിതം അവസാനിക്കുന്നില്ല. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധനയാണ് റബ്ബറിന് ലഭിക്കുന്നതെങ്കിലും വിലവര്‍ദ്ധന ഗുണകരമാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ചൂട് കൂടിയതിനാല്‍ ടാപ്പിങ് കുറഞ്ഞതും റബ്ബര്‍ സംഭരണം കുറഞ്ഞതുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
റബ്ബര്‍ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ ദുരിതത്തില്‍ - കോട്ടയം
ചൂട് കൂടിയതിനാല്‍ ടാപ്പിങ് കുറഞ്ഞതും സംഭരണം കുറഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
![റബ്ബര്‍ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ ദുരിതത്തില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3569172-564-3569172-1560613769495.jpg)
ചരക്ക് കിട്ടാനുള്ള താമസവും അന്താരാഷ്‌ട്ര വിപണിയിലുണ്ടായ വിലവര്‍ദ്ധനയും മൂലം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് റബ്ബർ വില ഉയരാൻ കാരണമായി. കോട്ടയം കമ്പോളത്തില്‍ റബ്ബര്‍ വ്യാപാരം നടക്കുന്നത് 155 രൂപ വരെയാണ്. രാജ്യാന്തര വിപണിയിലെ വിലയും 35 ശതമാനം നികുതിയും കൂടിയാകുമ്പോൾ കമ്പനികൾക്ക് ലാഭം ആഭ്യന്തര വിപണിയാണ്. എങ്കിലും കര്‍ഷകരില്‍ നിന്നും ആവശ്യത്തിന് റബ്ബര്‍ ലഭിക്കാത്ത അവസ്ഥയാണ്.
റബ്ബർ മേഖലയിലുണ്ടായ വിലയിടിവും കാർഷിക പ്രതിസന്ധിയും കർഷകരെയും വ്യാപാരികളെയും റബ്ബർ സംഭരണത്തില്‍ നിന്നും പിന്നോട്ടടിച്ചു. ഇതോടെ കമ്പനികളും പ്രതിസന്ധിയിലായി.ആഭ്യന്തര വിപണിയിൽ റബ്ബറിന് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ റബ്ബര്‍ ബോര്‍ഡ് നല്‍കുന്നതിനേക്കാള്‍ അഞ്ച് രൂപ വരെ കൂട്ടി നല്‍കാന്‍ തയാറായി ടയര്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം ലാറ്റക്‌സ് വിലയില്‍ കാര്യമായ വ്യതിയാനം ഇല്ലാത്തതിനാൽ കര്‍ഷകരെല്ലാം ലാറ്റക്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 130 രൂപയാണ് ലാറ്റക്‌സിന്‍റെ നിലവിലെ വില.