കോട്ടയം:പുറത്ത് പോയവരെ മടക്കിക്കൊണ്ട് വരണമെന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ പ്രമേയം കേരള കോൺഗ്രസ് പാർട്ടിയുടെ ജനകീയ അടിത്തറയ്ക്ക് കിട്ടിയ അംഗീകാരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. എന്നാൽ ആ പ്രമേയത്തിൽ പറയുന്നത് കേരള കോൺഗ്രസിനെ കുറിച്ചാണെന്ന് പൂർണമായി വിശ്വസിക്കുന്നില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്‌തമാക്കി.
ചിന്തൻ ശിബിരത്തിലെ പ്രമേയം; കേരള കോൺഗ്രസിന്‍റെ ജനകീയ അടിത്തറയ്ക്ക് കിട്ടിയ അംഗീകാരമെന്ന് റോഷി അഗസ്റ്റിൻ - കേരള കോൺഗ്രസ്
കെഎം മാണിയുടെ രാഷ്‌ട്രീയം മുന്നോട്ട് കൊണ്ടുപോകാനാണ് കേരള കോൺഗ്രസ് ഉദ്ദേശിച്ചതെന്നും നിലവിൽ രാഷ്‌ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യമില്ലെന്നും റോഷി അഗസ്റ്റിൻ.
കേരള കോൺഗ്രസുകാർ പുറത്ത് പോയവരല്ല, പുറത്താക്കപ്പെട്ടവരാണ്. നിലവിൽ രാഷ്‌ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യമില്ല. കേരള കോൺഗ്രസ് പാലായിലെ വികസനം തടസപ്പെടുത്തുന്നുവെന്ന പ്രചാരണം തെറ്റാണ്. പാലായില്‍ ഉണ്ടായിട്ടുള്ള വികസനങ്ങൾ എല്ലാം കെഎം മാണിയുടെ കാലത്ത് ഉണ്ടായതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം പ്രളയം തടയാൻ ആറ്റിൽ നിന്ന് മണൽ നീക്കുന്ന പ്രവർത്തനം വർഷംതോറും നടത്തുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഡാമുമായി ബന്ധപ്പെട്ട് ഏത് അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാലും അത് നേരിടാനുളള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.