കോട്ടയം: തൃക്കാക്കര തെരഞ്ഞെടുപ്പിലെ പരാജയത്തോടെ മുഖ്യമന്ത്രി കെ റെയിൽ പദ്ധതി ഉപേക്ഷിച്ചുവെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണ്. പദ്ധതി നടപ്പാക്കുമോ ഇല്ലയോ എന്ന് അദ്ദേഹം തീർത്തു പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് പഴയ ആർജവമില്ല; തൃക്കാക്കരയിലെ പരാജയത്തോടെ കെ-റെയിൽ ഉപേക്ഷിച്ചുവെന്ന് ചെന്നിത്തല ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരത്തിന്‍റെ നൂറാം ദിവസത്തെ സത്യഗ്രഹ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. കെ റെയിൽ ഡിപിആർ അബദ്ധ പഞ്ചാംഗമാണ്. അതിന് റെയിൽവേ ബോർഡിന്‍റെ അനുമതിയില്ല.
പദ്ധതിയെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രിക്ക് പഴയ ആർജവവുമില്ല. പദ്ധതിയെ ജനങ്ങൾ തള്ളിക്കളഞ്ഞു. അതിനാൽ തന്നെ കെ റെയിൽ നടപ്പാക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
കാപ്പനെ വിശ്വാസം: മാണി സി കാപ്പൻ ബിജെപിക്ക് അനുകൂലമായി നിൽക്കില്ലെന്നും അദ്ദേഹം യുഡിഎഫിൻ്റെ അഭിവാജ്യഘടകമാണെന്നും ചെന്നിത്തല പറഞ്ഞു. മാണി.സി കാപ്പൻ യുഡിഎഫിൽ തന്നെ തുടരും. കാപ്പനെ പൂർണ്ണ വിശ്വാസമുണ്ട്. അദ്ദേഹം നടത്തിയത് ഒരു പൊതു പ്രസ്താവനയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.