കോട്ടയം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കും. പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ജില്ല പൊലീസ് മേധാവി ഡി ശില്‍പക്ക് നിയമോപദേശം കൈമാറി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.
അതിജീവിതയുടെ മൊഴിക്ക് കൂടുതല്‍ പരിഗണന നല്‍കാതെയാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിഭാഗം സാക്ഷികളുടെ മൊഴികള്‍ പരിഗണിച്ചില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മേല്‍ക്കേടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 60 ദിവസത്തെ കാലതാമസം അപ്പീല്‍ നല്‍കുന്നതിന് ഉണ്ട്. ഈ കാലയളവിനുള്ളില്‍ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍റെ നീക്കം
മൊഴിയിൽ പൊരുത്തക്കേടെന്ന് കോടതി
ജനുവരി 14നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടത്. കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് വിധിയിൽ കോടതി പറയുന്നു. ബല പ്രയോഗം നടത്തിയെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴിയിൽ ഇല്ല. പിന്നീട് പരിശോധിച്ച ഡോക്‌ടറോടും ഈ കാര്യം പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലാണ് ഈ കാര്യം പറയാഞ്ഞതെന്ന കന്യസ്ത്രീയുടെ വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 21 പോയിന്റുകൾ അക്കമിട്ടു നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ആദ്യമൊഴിയിൽ ലൈംഗിക പീഡന പരാതിയില്ല
ഇരയുടെ മൊഴി മാത്രം കണക്കെടുക്കാൻ കഴിയില്ലെന്നും വിധിയിൽ പറയുന്നു. ഇരയുടെ മൊഴിക്ക് പുറമേ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനും കഴിഞ്ഞില്ല. പ്രതിഭാഗം സമർപ്പിച്ച രേഖകൾ കേസ് കെട്ടിച്ചമച്ചതാകാം എന്ന സംശയം ജനിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ മൊഴിയിൽ 13 തവണ ലൈംഗിക പീഡനം നടന്നു എന്ന് വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം മൊഴിനൽകിയത്.
ബിഷപ്പുമാർക്ക് അടക്കം ആദ്യം നൽകിയ പരാതിയിൽ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു എന്ന് മാത്രമാണ് വ്യക്തമാക്കിയത്. എന്നാൽ ശാരീരിക പീഡനം നടന്നെന്നു മൊഴി നൽകിയ തീയതികൾക്ക് ശേഷമാണ് ഈ പരാതികൾ നൽകിയിരിക്കുന്നതെന്നും കണ്ടെത്തി.
തെളിവുകൾ സ്വീകരിക്കുന്നതിൽ വീഴ്‌ച
കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശേഖരിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്നും കോടതി നിരീക്ഷിച്ചു. കന്യാസ്ത്രീയുടെ മൊഴി മാത്രം ആശ്രയിച്ചാണ് പൊലീസ് മുന്നോട്ടുപോയത്.
13 തവണയും പീഡനം നടന്നത് 20-ാം നമ്പർ മുറിയിൽ വച്ച് ആണെന്നാണ് കന്യാസ്ത്രീ പറയുന്നത്. ഇവിടെ വച്ച് മൽപ്പിടിത്തം ഉണ്ടായി എന്ന് പറയുന്നു. ഇതാരും കേട്ടില്ല എന്ന് പറയുന്നു. ഇത് വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുറിക്ക് വെന്‍റിലേഷൻ ഉണ്ട്. തൊട്ടടുത്ത ഓൾഡ് ഏജ് ഹോം ഉണ്ട്. കന്യാസ്ത്രീയുടെ മൊഴിയിൽ നിന്ന് വിരുദ്ധമായ മൊഴിയാണ് മഠത്തിൽ താമസിച്ചിരുന്ന മറ്റൊരു സാക്ഷി നൽകിയത്. കോൺവെന്‍റിലെ തൊട്ടടുത്ത മുറികളിൽ ആൾ ഇല്ലായിരുന്നു എന്ന പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ല എന്നും കോടതി വ്യക്തമാക്കി.
ALSO READ:ഹാജരാക്കിയ തെളിവുകൾ അസ്വസ്ഥതയുണ്ടാക്കുന്നത്, ദിലീപിന് ഇനി ചോദ്യ ദിനങ്ങൾ: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
ഡിജിറ്റൽ തെളിവ് ഹാജരാക്കുന്നതിലും പരാജയം
കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കൊടതി നിരീക്ഷിച്ചു. കന്യാസ്ത്രീയുടെ മൊബൈൽഫോണും ലാപ്ടോപ്പും പ്രധാന തെളിവുകളാണ്. ബിഷപ്പ് പലതവണ രാത്രി കന്യസ്ത്രീക്ക് മെസേജ് അയച്ചതായി പറയുന്നുണ്ട്. ആ മെസേജ് വന്ന ഫോൺ പിടിച്ചെടുത്ത പ്രധാനപ്പെട്ട തെളിവായി ഹാജരാക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടു.
ബിഷപ്പിന്‍റെ ശല്യം സഹിക്ക വയ്യാതെ ആയതോടെ മൊബൈൽഫോൺ വീട്ടിലേക്ക് അയച്ചു കൊടുത്തുവെന്നും പിന്നീട് വീട്ടുകാർ ഇത് ആക്രിക്കാർക്ക് വിറ്റുവെന്നുമാണ് കന്യാസ്ത്രീ പറഞ്ഞത്. ഒരാളിൽ നിന്നും ശല്യം ഉണ്ടായാൽ ആ സിം നമ്പർ മാറ്റി വേറൊരു സിം എടുക്കുകയല്ലേ സാധാരണ ചെയ്യുക. അല്ലാതെ സിം കാർഡും മൊബൈലും ആക്രിക്കാരന് കൊടുക്കുന്നു, തൊട്ടടുത്ത ദിവസം മറ്റൊരു മൊബൈലും സിം കാർഡും എടുക്കുന്നു, ഇതൊക്കെ എങ്ങനെയാണ് പൊരുത്തപ്പെടുന്നത് കോടതി ചോദിച്ചു
ഫോൺ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്‌ച പറ്റി. ഫോണിൽ വന്ന സന്ദേശങ്ങൾ ലാപ്ടോപ്പിലേക്ക് മാറ്റിയതായി പറയപ്പെടുന്നു. ആ ലാപ് ടോപ് പിടിച്ചെടുത്ത് ഡിജിറ്റൽ തെളിവുകൾ പ്രധാന തെളിവായി ഹാജരാകുന്നതിൽ വീഴ്‌ചയുണ്ടായി. ലാപ്ടോപ്പ് കേടായിപ്പോയി എന്ന് പിന്നീട് പറയുന്നു.
ഡിജിറ്റൽ തെളിവു നഷ്‌ടമായത് ചെറിയ കാര്യമായി കാണാനാവില്ല. മെഡിക്കൽ റിപ്പോർട്ടിലും തിരുത്തലുകൾ സംഭവിച്ചു. ബലാൽസംഗം ചെയ്തു എന്ന് പറയപ്പെടുന്ന തൊട്ടടുത്ത ദിവസങ്ങളിൽ കന്യാസ്ത്രീ ബിഷപ്പിന് ഇ മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായ ഉള്ളതാണ് അത്. ബിഷപ്പിന്‍റെ ആരോഗ്യം എങ്ങനെയുണ്ട് എന്ന് കത്തിൽ ചോദിക്കുന്നുണ്ട്. ഇതിന്‍റെ പകർപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു.
2016 മാർച്ച് വരെ ഇരുവരും സൗഹൃദത്തിൽ
സംഭവത്തിനുശേഷം തന്‍റെ ഒരു ലേഖനം കന്യാസ്ത്രീ ബിഷപ്പിനെ കൊണ്ട് തിരുത്തിച്ചതായി രേഖകൾ പ്രതിഭാഗം നൽകി. ഇത് പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത് സംഭവം നടന്നത് 2014 മുതൽ ആണെങ്കിലും 2016 മാർച്ച് വരെ ഇരുവരും സൗഹൃദത്തിലായിരുന്നു എന്നതാണ്. ബലാൽസംഗം ചെയ്യപ്പെട്ട തൊട്ടടുത്ത ദിവസങ്ങളിൽ ബിഷപ്പും കന്യാസ്ത്രീയും പല ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ഇരുവരും വളരെ സൗഹാർദ്ദപരമായി ഇടപെടുന്നതായി വീഡിയോയും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ബലാത്സംഗത്തിന് ഇരയായതിന്‍റെ ട്രോമയിൽ ആണെങ്കിൽ എങ്ങനെ ബിഷപ്പിനോട് സൗഹാർദത്തോടെ ഇടപെടാൻ ആകുമെന്ന് കോടതി ചോദിക്കുന്നു. അതുകൊണ്ടുതന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷന്‍റെ ആരോപണവും വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തുന്നു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയും കോടതി പരിഗണനയിൽ എടുത്തു.
പരാതി നൽകുന്നതിൽ വന്ന കാലതാമസം വിശദീകരിക്കാൻ പരാതിക്കാരിക്ക് വ്യക്തമായി വിശദീകരിക്കുവാൻ സാധിച്ചില്ലെന്ന് കണ്ടെത്തൽ ഉണ്ട്. ഇത് സംബന്ധിച്ച് പ്രതിഭാഗം ഹാജരാക്കിയ ദൃശ്യ മാധ്യമത്തിലെ ഇൻറർവ്യൂ സംബന്ധിച്ചും പരാമർശമുണ്ട്.