പാലാ ജനറല്‍ ആശുപത്രി ഇനി കെ.എം മാണിയുടെ പേരില്‍ അറിയപ്പെടും - കെ.എം മാണി
സിവില്‍ സ്‌റ്റേഷന് മുന്നിലെ റൗണ്ടാനയ്ക്കും മാണിയുടെ പേര് നല്‍കാന്‍ പാലാ നഗരസഭ തീരുമാനിച്ചു. നഗരസഭാ യോഗത്തില്‍ ആകെ പങ്കെടുത്ത 21 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ 15 പേര്‍ മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു.
കോട്ടയം: പാലായിലെ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നല്‍കാന്‍ പാലാ നഗരസഭ തീരുമാനിച്ചു. സിവില്‍ സ്‌റ്റേഷന് മുന്നിലെ റൗണ്ടാനയും ഇനി മാണിയുടെ പേരില്‍ അറിയപ്പെടും. നഗരസഭാ യോഗത്തില്‍ ആകെ പങ്കെടുത്ത 21 കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ 15 പേര്‍ മാണിയുടെ പേര് നല്‍കുന്നതിനെ അനുകൂലിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ പ്രൊഫ. സതീഷ് ചൊള്ളാനിയും, ലിസ്യൂ ജോസും അനുകൂലിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മിനി പ്രിന്‍സ് കെ.എം. മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷത്ത് ഹാജരായിരുന്ന നാല് പേരും ബി.ജെ.പി. പ്രതിനിധിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ജനറല്‍ ആശുപത്രിക്കും, സിവില്‍ സ്‌റ്റേഷന്‍ റൗണ്ടാനയ്ക്കും സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോണ്‍ഗ്രസ് അംഗങ്ങളും, മഹാകവി പാലാ നാരായണന്‍ നായരുടെ പേര് നേരത്തേ സിവില്‍ സ്റ്റേഷന്‍ റൗണ്ടാനയ്ക്കായി തീരുമാനിച്ചതായി പ്രതിപക്ഷത്തെ റോയി ഫ്രാന്‍സീസും ചൂണ്ടിക്കാണിച്ചതോടെയാണ് പേരിടല്‍ തീരുമാനം തര്‍ക്കത്തില്‍ കുടുങ്ങിയത്. കെ.എം. മാണിയുടെ പേരിടുന്ന കാര്യത്തില്‍ ഭരണപക്ഷത്തെ ചേരിപ്പോരുകളും അഭിപ്രായ ഭിന്നതകളും വ്യക്തമായിരുന്നു.