ജോസ് വിഭാഗത്തിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം - പിജെ ജോസഫ്
യുഡിഎഫ് കണ്‍വെന്‍ഷനെത്തിയ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം കൂവിവിളിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി
കോട്ടയം: പാലായില്‍ ജോസ് കെ മാണി വിഭാഗത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് കേരളാ കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും, തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ കോട്ടയത്ത് പറഞ്ഞു. അതേസമയം ടോം ജോസ് തങ്ങളുടെയും സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞ സജി, സ്ഥാനാര്‍ഥിക്കായി ജോസഫ് വിഭാഗം തനിച്ച് ശക്‌തമായ പ്രചാരണത്തിനിറങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു.
കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കള്‍ക്കെതിരെ ജോസഫ് വിഭാഗം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാന്‍ പി ജെ ജോസഫ് അനുമതി നല്‍കിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. യുഡിഎഫ് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.