കോട്ടയം: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. കുരിശിന്‍റെ വഴി എന്ന പേരിൽ നടത്തിയ മാർച്ച് ലോഗോസ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു.
സഭാ തർക്കം പരിഹരിക്കണം: ജനകീയ സമിതിയുടെ മാർച്ച് - കോട്ടയം
കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗത്തിന്‍റെ പിന്തുണയോടെയാണ് മാർച്ച്.
ഓർത്തഡോക്സ് വിഭാഗക്കാരനായ കൊല്ലം പണിക്കരുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് സഭ ആസ്ഥാനമായ ദേവലോകത്തേക്കാണ് യാക്കോബായ വിഭാഗത്തിന്‍റെ പിന്തുണയോടെ ജനകീയ സമിതി മാർച്ച് നടത്തിയത്. ദേവാലയങ്ങള്‍ ആക്രമിക്കുന്നതും വിശ്വാസികള്‍ തമ്മിലടിക്കുന്നതും നിര്‍ത്തണം. സഭകള്‍ തമ്മിലെ ഭിന്നിപ്പുമൂലം വിശ്വാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമാധാന ചര്‍ച്ചക്ക് ഓര്‍ത്തഡോക്സ് വിഭാഗം തയാറാകണമെന്നും മാർച്ച് നടത്തിയവർ ആവശ്യപ്പെടുന്നു.
കോട്ടയം ലോഗോസ് ജംഗ്ഷനില്‍ മുന്‍ എം.പി. സ്കറിയ തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ്, റാന്നി മേഖല അധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ്, ഉൾപ്പെടെ നിരവധി വൈദികരും വിശ്വാസികളും മാർച്ചിൽ പങ്കെടുത്തു.