കോട്ടയം: കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായിരുന്ന തീക്കോയി മംഗളഗിരിയിലെ കലുങ്ക് തകര്‍ന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കലുങ്കാണിത്. പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമായ മർമല അരുവിയിലേക്കുള്ള റോഡാണിത്. അമിതഭാരവുമായി ലോറി കടന്ന് പോയപ്പോഴാണ് കലുങ്കിന്‍റെ ഒരു ഭാഗം തകർന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കലുങ്ക് തകര്‍ന്നു; മംഗളഗിരിയില്‍ വാഹനഗതാഗതം നിലച്ചു കാലപ്പഴക്കം കൊണ്ടും തുടർച്ചയായി വലിയ വാഹനങ്ങള്‍ കലുങ്കിലൂടെ സഞ്ചരിച്ചതിനാലുമാണ് കലുങ്ക് തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു. എസ്റ്റേറ്റിൽ നിന്നുള്ള തടികൾ കയറ്റിയ ലോറികള്‍ കടന്നുപോയിരുന്നത് ഈ കലുങ്ക് വഴിയാണ്. കലുങ്ക് തകര്‍ന്നതോടെ കലുങ്കിനപ്പുറം ലോറികള്‍ കുടുങ്ങി കിടക്കുകയാണ്. ബസുകളോ മറ്റ് വാഹനങ്ങളോ ഇപ്പോള്‍ ഇവിടേക്കെത്തുന്നില്ല. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി.
കടംവെട്ടി കവല മുതലാണ് മാർമല അരുവി റോഡ് നിർമാണതിന് ആദ്യം എസ്റ്റിമേറ്റ് എടുത്തിരുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാല്‍ കലുങ്ക് പണി ഒഴിവാക്കുന്നതിന് വേണ്ടി കലുങ്കിന് ശേഷമുള്ള ഭാഗം മുതൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. കലുങ്കിന്‍റെ മറുഭാഗവും വീഴാറായ നിലയിലാണ്.
തീക്കോയി എസ്റ്റേറ്റ് ബ്രീട്ടീഷുകാരുടെ ഉടമസ്ഥതയിലായിരുന്നപ്പോള്‍ നിർമിച്ചതായിരുന്നു ഈ കലുങ്ക്. അന്ന് കലുങ്കിന് മുകളിൽ സ്ലാബ് വാർക്കുന്നതിന് പകരം കരിങ്കല്ലുകൾ കീറി നിരത്തി മണ്ണിടുകയായിരുന്നു ചെയ്തത്. എന്നാൽ പിന്നീട് ടാറിങ് നടത്തിയപ്പോള്‍ സ്ലാബ് വാർത്തിരുന്നില്ല. ഇതാണ് കലുങ്ക് തകരാന്‍ കാരണമെന്നും ആരോപണമുണ്ട്.