കോട്ടയം :സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ്. വികസന പദ്ധതികൾക്ക് എതിരല്ലെന്നും എന്നാൽ ഭൂമിയും കിടപ്പാടവും നഷ്‌ടപ്പെടുന്നവരുടെ പ്രതിഷേധം കണ്ടില്ലെന്നുവയ്ക്കരുതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വലിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് കഷ്‌ടനഷ്‌ടങ്ങള്‍ ഉണ്ടാകും എന്നത് വസ്‌തുതയാണ്. ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ഭയാശങ്കകള്‍ ദൂരീകരിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് ഒരു സര്‍ക്കാരിന്‍റെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
വികസനം വേണം..പക്ഷേ..:തുടര്‍ച്ചയായുള്ള പ്രളയവും, കൊവിഡിന്‍റെ പലതരം വ്യാപനവും അതിനെ തുടര്‍ന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോള്‍ ഏതുതരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം വികസന പദ്ധതികള്‍ നടപ്പിലാക്കരുത് എന്ന അഭിപ്രായവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലും അത്യാധുനിക ആരോഗ്യ സംവിധാനങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി സില്‍വര്‍ലൈന്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചുവരുന്ന ജില്ലാതല ആരോഗ്യ സംവിധാനങ്ങള്‍ വിപുലീകരിച്ചാൽ യാത്രകളും സമയ നഷ്‌ടവും ഒഴിവാക്കാവുന്നതുമല്ലേയെന്നും ജി.സുകുമാരന്‍ നായര്‍ ചോദിക്കുന്നു.
കേരളത്തിന്‍റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസ മാതൃകയും ഒക്കെ പരിഗണിക്കുമ്പോള്‍ ഭാവിയില്‍ വന്‍കിട വ്യവസായങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുമെന്നും, അവയെ തമ്മില്‍ സില്‍വര്‍ലൈന്‍ ബന്ധിപ്പിക്കുമെന്നും മറ്റുമുള്ള വാദഗതികളും നിലനില്‍ക്കണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.