കോട്ടയം: മുല്ലപ്പെരിയാറില്‍ (MULLAPERIYAR) ബേബി ഡാമിലെ (BABY DAM) മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ (AK SASEENDRAN). ചീഫ് ഫോറസ്റ്റ് വൈല്‍ഡ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചൻ തോമസ് ഗുരുതര വീഴ്ച വരുത്തിയിട്ടുണ്ട്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ മന്ത്രിക്ക് അധികാരമില്ല. അതിനാല്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു, ഗുരുതര വീഴ്ച പറ്റിയെന്ന് എ.കെ ശശീന്ദ്രൻ സാധാരണ രീതിയില്‍ മരം മുറിക്കാൻ ഒരു ഉത്തരവ് കിട്ടിയാല്‍ അത് വകുപ്പ് മന്ത്രി അറിയേണ്ടതില്ല. പക്ഷേ ഇവിടെയുണ്ടായത് അസാധാരണമായ നടപടിയാണ്. ഇത്തരത്തിലൊരു ഉത്തരവ് ഉണ്ടാവാനുണ്ടായ പ്രേരണ എന്തെന്ന് അറിയില്ല. ഇത് രാഷ്ട്രീയ മാനമുള്ള സംഭവമാണ്. ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനം എടുക്കേണ്ട കാര്യമല്ല. അതിനാല്‍ തന്നെ മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അപേക്ഷ വരുമ്പോള്‍ അത് മന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നു. അതുണ്ടാവത്തത് ഗുരുതര വീഴ്ചയാണ്.
മരം മുറിക്കാനുള്ള ഉത്തരവ് വനം ചീഫ് കണ്‍സര്‍വേറ്റര്‍ പുറത്തിറക്കിയത് താനറിഞ്ഞില്ലെന്ന് മന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ഉത്തരവ് മരവിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു.
തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുഗന്‍ നേതൃത്വം നല്‍കിയ മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മരം മുറിച്ചുനീക്കാനുള്ള വിവാദ തീരുമാനമുണ്ടായത്. വര്‍ഷങ്ങളായുള്ള തമിഴ്‌നാടിന്‍റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലില്‍ കത്തയച്ചപ്പോഴാണ് മരംമുറി ഉത്തരവ് പുറത്തറിയുന്നത്. സംഭവത്തിൽ വീഴ്‌ച വരുത്തിയ എല്ലാവർക്കും എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.