കോട്ടയം: കൊവിഡ് ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കൊവിഡ് ആശുപത്രികൾ, സിഎസ്എൽറ്റിസി, സിഎഫ്എൽറ്റിസി, ഡൊമിസിലിയറി കെയർ സെന്‍ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി 2,331 കിടക്കകളുണ്ടെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിളിച്ചുചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ മേഖലയിൽ വിവിധ ചികിത്സ കേന്ദ്രങ്ങളിലായി 1,257 കിടക്കകളുണ്ട്. ഇതിൽ 268 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളുണ്ട്. മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലുമായി 108 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും 28 ഐസിയു കിടക്കകളും, 13 നോൺ ഇൻവേസീവ് വെന്‍റിലേഷൻ (എൻഐവി) കിടക്കകളും 13 വെന്‍റിലേറ്ററുകളുമുണ്ട്.
കൊവിഡ് ആശുപത്രികളിൽ 120 ഓക്‌സിജൻ കിടക്കകളുണ്ട്. രണ്ടു സിഎസ്എൽടിസികളിൽ 186 കിടക്കകളും സിഎഫ്എൽടിസിയിൽ 100 കിടക്കകളും ഡിസിസിയിൽ 70 കിടക്കകളുമുണ്ട്. 18 സ്വകാര്യ ആശുപത്രികളിലായി 1,074 കിടക്കകളുണ്ട്. ഇതിൽ 499 എണ്ണം ഓക്‌സിജന്‍ സൗകര്യമുള്ളതാണ്.