കോട്ടയം: എംജി സർവകലാശാല കൈക്കൂലി കേസില്‍ അറസ്‌റ്റിലായ സെക്ഷൻ അസിസ്റ്റന്‍റ് സി.ജെ എൽസിയുടെ നിയമനം ക്രമപ്രകാരമെന്ന് ഇടത് സംഘടന. സെക്രട്ടേറിയറ്റിലെ രീതി പിന്തുടര്‍ന്നാണ് നിയമനം നൽകിയത്. പരീക്ഷയും അഭിമുഖവും നടത്തിയിരുന്നു. സർവകലാശാല എംപ്ലോയിസ് അസോസിയേഷന്‍റേതാണ് വിശദീകരണം.
എൽസിയുടെ യോഗ്യതയും നിയമനവും സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജോലിയിൽ പ്രവേശിച്ചത് പത്താം ക്ലാസ് പോലും പാസാകാതെയെന്നാണ് ആരോപണം. പ്യൂൺ തസ്‌തികയിൽ ജോലി ചെയ്‌ത ശേഷം ഏഴ് വർഷത്തിനുള്ളിലാണ് എൽസി അസിസ്റ്റന്‍റ് തസ്‌തികയിൽ എത്തിയത്.
Read more:എംജി സർവകലാശാല കൈക്കൂലി: രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി, സമഗ്ര അന്വേഷണത്തിന് നാലംഗ സമിതി
2010ൽ പരീക്ഷ പോലും നടത്താതെ അഭിമുഖത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് എൽസിയെ പ്യൂൺ തസ്‌തികയിൽ സ്ഥിരപ്പെടുത്തിയതെന്നുമാണ് ആരോപണം. എന്നാല്‍ എൽസിയുടെ നിയമനത്തിൽ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നാണ് സര്‍വകലാശാല നല്‍കിയിരിക്കുന്ന വിശദീകരണം.
ശനിയാഴ്‌ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നും എംജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് സി.ജെ എൽസിയെ വിജിലന്‍സ് പിടികൂടിയത്. മാർക്ക് ലിസ്റ്റും പ്രൊഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി എംബിഎ വിദ്യാർഥിയിൽ നിന്ന് എൽസി ആവശ്യപ്പെട്ടത്.
Read more:കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാല ജീവനക്കാരി അറസ്റ്റിൽ
കൈക്കൂലി വിഷയത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. വിഷയത്തില്‍ അടിയന്തരമായി റിപ്പോർട്ട സമര്‍പ്പിക്കണമെന്ന് മന്ത്രി രജിസ്ട്രാർക്ക് നിർദേശം നൽകി. സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചതായി എംജി സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അറിയിച്ചിട്ടുണ്ട്.
എൽസിയുടെ നിയമനത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകൾ സർവകലാശാലക്ക് മുൻപിൽ സമരം നടത്തിയിരുന്നു. ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം നടക്കുകയാണ്. അതേസമയം, കേസില്‍ അറസ്റ്റിലായ സി.ജെ എൽസിയെ സർവകലാശാലയിൽ തെളിവെടുപ്പിന് എത്തിച്ചു.