കോട്ടയം: കോട്ടയം പാലായില്‍ നിരവധി വഞ്ചന കേസുകളിലെ പ്രതി പിടിയില്‍. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വീണ്ടും കല്യാണം കഴിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത പാലാ പോണാട് സ്വദേശി രാജേഷിനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്‌തത്. വിദേശത്ത് ജോലി വാഗ്‌ദാനം നൽകി നിരവധി പേരെ വഞ്ചിച്ചതിന് 2007 മുതൽ കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
കണ്ണൂർ സ്വദേശിയായ രാജേഷ് 2007 കാലഘട്ടത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തട്ടിപ്പുനടത്തി ഭാര്യയുമായി അവിടെ നിന്നും എറണാകുളത്തേക്ക് താമസം മാറ്റി. അവിടെയും കേസുകളിൽപ്പെട്ടതിനെ തുടർന്ന് 2012ൽ പാലായിൽ താമസം ആരംഭിച്ചു. കരൂരിൽ ചിട്ടി കമ്പനി നടത്തിയിരുന്ന പ്രതിയുടെ സ്ഥാപനത്തിൽ 2020 ജൂലൈ മാസത്തിൽ ഭർത്താവ് മരിച്ച പൈക സ്വദേശിനി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
മാതാപിതാക്കൾ മരിച്ചുപോയതാണെന്നും വിവാഹമോചിതനാണെന്നും യുവതിയെ ധരിപ്പിച്ച് അടുപ്പത്തിലായ പ്രതി 2021 ഓഗസ്റ്റ് 17ന് യുവതിയെ രജിസ്റ്റർ വിവാഹം ചെയ്‌തു. പിന്നീട് യുവതി, മക്കളെയും കൂട്ടി ഇയാളോടൊപ്പം കടയം കുറ്റില്ലത്തെ വാടക വീട്ടിൽ താമസം ആരംഭിച്ചു.
Also read: വയനാട്ടില്‍ കുട്ടികളെ 'ദൈവങ്ങളാക്കി' അനാചാരം ; തട്ടിപ്പ് ജ്യോത്സ്യന്‍റെ കാര്‍മികത്വത്തില്‍, മുടക്കിയത് 25 ഓളം വിദ്യാര്‍ഥികളുടെ പഠനം
തുടര്‍ന്ന് യുവതിയുടെ സഹോദരന് ഓഹരി നൽകുന്നതിനായി രാജേഷിന്‍റെ നിർദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്താന്‍ തീരുമാനിച്ചു. തുടർന്ന് അമ്മയുമായി കെഎസ്‌എഫ്‌ഇ എലിക്കുളം ബ്രാഞ്ചിലെത്തിയ രാജേഷ് തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറിൽ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ച് 20 ലക്ഷം രൂപ തന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെടുത്തു.
പിന്നീട് ഇയാൾ തന്‍റെ ആദ്യ ഭാര്യക്കും 18 വയസുള്ള മകള്‍ക്കുമൊപ്പം പാലായിൽ വാടക വീട്ടിലേക്ക് താമസം മാറ്റി. തുടര്‍ന്ന് യുവതി കോട്ടയം ജില്ല പൊലീസ് മേധാവി ഡി ശില്‍പക്ക് പരാതി നൽകുകയും പാലാ പൊലീസ് പ്രതിയെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തിൽ നിന്ന് പിടികൂടുകയുമായിരുന്നു.
നിരവധി പേരില്‍ നിന്നും വിദേശജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 2017 ൽ വിദേശജോലി വാഗ്‌ദാനം ചെയ്‌ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ പാലാ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.