കോട്ടയം: മുണ്ടക്കയം ബിവറേജസ് വില്‍പനശാലയില്‍ നിന്ന് ലോക്ക് ഡൗണിനിടെ ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിൽ അധികം മദ്യം. പ്രാഥമിക അന്വേഷണത്തിൽ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. ബിവറേജസ് കോർപ്പറേഷൻ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേർന്ന് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ വെട്ടിപ്പിന്‍റെ ആഴം വ്യക്തമായത്.
ബീവറേജ് വില്‍പ്പനശാലയില്‍ നിന്ന് ജിവനക്കാര്‍ ആയിരം ലിറ്ററോളം മദ്യം കടത്തി ഔട്ട്‌ലെറ്റിൽ നിന്നു സമീപത്തെ റബർ തോട്ടത്തിലേക്കാണ് ജീവനക്കാർ കുപ്പികൾ മാറ്റിയിരുന്നത്. ഇവിടെ നിന്നു പിന്നീട് വാഹനത്തിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ചുരുങ്ങിയത് ആയിരം ലിറ്റർ മദ്യത്തിന്‍റെ കുറവ് കണ്ടെത്തി. സ്‌റ്റോക്കിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.
also read:കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ 135.26 ലിറ്റർ മദ്യം പിടികൂടി
രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് ജീവനക്കാർ മദ്യം കടത്തിയത്. വെട്ടിപ്പ് പിടികൂടിയതിൽ നിർണായകമായത് എക്സൈസിന് ലഭിച്ച രഹസ്യവിവരമാണ്. സംഭവത്തെ തുടർന്ന് ഔട്ട്‌ലെറ്റ് സീൽ ചെയ്ത് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തിരുന്നു.
കോട്ടയം അയർക്കുന്നത്തെ വെയര്‍ഹൗസില്‍ നിന്ന് ഔട്ട്‌ലെറ്റിലേക്ക് അയച്ച മദ്യത്തിന്‍റെ കണക്കും അന്വേഷണ സംഘം ശേഖരിക്കും. ഇതിലൂടെ കടത്തിയ മദ്യത്തിന്‍റെ കൃത്യമായ കണക്ക് ലഭിക്കും. ഈ പരിശോധന തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ജില്ലയിലെ മറ്റ് ബീവറേജസ് ഔട്ട്‌ലെറ്റുകളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തും.