കോട്ടയം: പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച ശേഷം ഓടിയ യുവാവ് മരിച്ചത് ശ്വാസനാളത്തിൽ ചെളി കയറിയത് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജിജോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിയ്ക്കും പരാതി നൽകി. ജിജോയുടെ തലയ്ക്ക് പിന്നിൽ അടിയേറ്റതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
അതേ സമയം ഉയരത്തിൽ നിന്ന് താഴേക്ക് വീഴുമ്പോൾ തലയ്ക്കും കഴുത്തിനും ക്ഷതമേൽക്കാമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വെച്ചൂർ അച്ചിനകം വാടപ്പുറത്തു ചിറ വീട്ടിൽ ജിജോ ആന്‍റണിയെ (27) കവണാറ്റിൻ കര ബാങ്ക് പടിയ്ക്ക് സമീപത്തെ ബാറിന് പിന്നിലെ പാടശേഖരത്തെ ചാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
'ജിജോയുടെ സുഹൃത്തിനെ കാണാനില്ല'
സംഭവ ദിവസം ജിജോയെ ബൈക്കിൽ ജംഗ്‌ഷനിൽ എത്തിച്ച സുഹൃത്തിനെ കാണാനില്ല. അച്ചിനകം തെക്കേ ഈരത്തറ സുജിത്ത് കെ ഷാജിയെയാണ് കാണാതായത്. ജിജോയെ ജംഗ്‌ഷനിൽ ഇറക്കിയ ശേഷം വീട്ടിലേക്കാണ് സുജിത്ത് പോയത്. ജിജോ മരിച്ചുവെന്ന വാർത്ത അറിഞ്ഞത് മുതലാണ് സുജിത്തിനെ കാണാതായത്. പൊലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ബാങ്ക് പടിക്ക് സമീപം നിർത്തിയിട്ടിരുന്ന ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ കൈ കൊണ്ട് അടിച്ച ശേഷം പൊലീസിനെ കണ്ട് ജിജോ ഓടിപ്പോകുകയായിരുന്നു. വാഹനത്തിൽ പൊലീസ് മേധാവി ഉണ്ടായിരുന്നില്ല. പൊലീസുകാരെ കണ്ട് ഭയന്ന് ഇവർ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് കയറുകയും ചെയ്‌തു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും ബാർ ഹോട്ടലിൽ പരിശോധന നടത്തുകയും ചെയ്‌തു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല.
പിന്നീട് ബാർ ജീവനക്കാർ നടത്തിയ തെരച്ചിലിൽ യുവാവിനെ ബാറിന് പുറകിലുള്ള സ്വകാര്യവ്യക്തിയുടെ പാടത്ത് ചാലിൽ കിടക്കുന്നതായി കണ്ടെത്തുകയും കുമരകം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ജിജോയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
READ MORE:കാലാവസ്ഥ വ്യതിയാനം; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം