കോട്ടയം: ഒന്നിച്ചുണ്ടായ 4 കണ്‍മണികളെ കാണുമ്പോള്‍ ഒന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമായതിന്‍റെ ആഹ്‌ളാദത്തിലാണ് സുരേഷ്-പ്രസന്ന ദമ്പതികള്‍. വിവാഹം കഴിഞ്ഞ് 15 വര്‍ഷം കുഞ്ഞുങ്ങളില്ലാതിരുന്ന അതിരമ്പുഴ സ്വദേശി പ്രസന്ന കുമാരിക്കും ഭര്‍ത്താവ് സുരേഷിനും മൂന്നാഴ്‌ച മുമ്പാണ് 4 കുട്ടികള്‍ ജനിച്ചത്. ഒറ്റ പ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍. ഒരു പെണ്‍കുഞ്ഞും 3 ആണ്‍കുട്ടികളും.
കട്ടിലില്‍ ശാന്തരായി ഉറങ്ങുന്ന പൊന്നോമനകളെ കാണുമ്പോള്‍ ഉള്ളുനിറയെ സന്തോഷമാണെങ്കിലും കടബാധ്യത മൂലമുള്ള ആശങ്ക ഇവരെ വലയ്ക്കുന്നു. ചികിത്സയ്ക്കായി വീടുവരെ പണയപ്പെടുത്തിയിരുന്നു. ചെത്തുതൊഴിലാളിയായിരുന്ന സുരേഷിന് 2 വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു. നിലവില്‍ സ്ഥിര ജോലിയില്ല.
തെള്ളകം കാരിത്താസ് ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയാണ് പ്രസന്ന. ഗര്‍ഭകാലം മുതല്‍ ജോലിക്ക് പോകാന്‍ പ്രസന്നയ്ക്ക് കഴിഞ്ഞിട്ടില്ല. നാല് കുഞ്ഞുങ്ങളുടെ പരിചരണത്തിന് ഒന്നിലധികം പേര്‍ വേണമെന്നതും ദമ്പതികളുടെ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയാണ്.
വീട്ടുകാരും സുഹൃത്തുക്കളും അയല്‍വാസികളുമെല്ലാം തങ്ങളാല്‍ കഴിയുന്ന വിധം ഇവരെ സഹായിക്കാന്‍ എത്തിയിരുന്നു. സ്ഥിരവരുമാനം ഇല്ലാത്തതും കടബാധ്യതയും നാലു കുഞ്ഞുങ്ങളെ പോറ്റാനുള്ള ചെലവും വലിയ ചോദ്യചിഹ്നമായി ഇവര്‍ക്ക് മുന്നില്‍ അവശേഷിക്കുകയാണ്. നന്മയുള്ള മനസുകള്‍ തങ്ങളുടെ സഹായത്തിനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
അക്കൗണ്ട് വിവരം