കോട്ടയം: സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യവച്ചുള്ള പദ്ധതികൾക്ക് പ്രാമുഖ്യം നൽകി കോട്ടയം നഗരസഭയുടെ 2022-2023 ബജറ്റ്. പരിസ്ഥിതി സൗഹൃദം എന്ന ലക്ഷ്യത്തിന് പ്രഥമ പരിഗണന നൽകുന്നതിനൊപ്പം സ്ത്രീ സൗഹൃദത്തിനും വലിയ പ്രാധാന്യം ബജറ്റിൽ നൽകുന്നുണ്ട്. സമ്പൂർണ മാലിന്യ നിർമാർജ്ജനത്തിനായി സംസ്ഥാന സർക്കാരിന്‍റെയും ശുചിത്വ മിഷന്‍റെയും സഹായം തേടുന്നതിനൊപ്പം കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമ്പൂർണ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ പ്ലാസ്റ്റിക്കിൽ നിന്നും ബയോഡീസൽ ഉത്‌പാദനം തുടങ്ങും. ശുചിത്വ മേഖലയിൽ ലോക ബാങ്കിൽ നിന്നും ലഭ്യമാകുന്ന ധനസഹായം ഉപയോഗിച്ച് 'ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം' പദ്ധതി നടപ്പിലാക്കും. വീടുകളിൽ നിന്നും മാലിന്യ ശേഖരണത്തിനായി യൂസർ ഫീ ഈടാക്കി ഇ ഓട്ടോ സംവിധാനം നടപ്പിലാക്കും, ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
സ്‌മാര്‍ട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പ് സംവിധാനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൊതുക് നിവാരണ പദ്ധതിയ്ക്കായി 5 ലക്ഷം, ഇരുമ്പ് നെറ്റുകൾ സ്ഥാപിയ്ക്കുന്നതിന് 20 ലക്ഷം രൂപ, ഓടകളിൽ മലിനീകരണ പ്ലാന്‍റുകള്‍ സ്ഥാപിയ്ക്കുന്നതിന് 30 ലക്ഷം, പോള വാരൽ യന്ത്രം വാങ്ങുന്നതിന് 30 ലക്ഷം, വീടുകളിൽ ഇലക്ട്രിക് ഇൻസിനറേറ്ററുകൾ നൽകുന്നതിന് 20 ലക്ഷം രൂപ എന്നിവയും ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീ വഴി ഹോം നേഴ്‌സിങ് സേവനം ലഭ്യക്കുക വഴി സ്ത്രീ ശാക്തീകരണത്തിനും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.
സ്‌ത്രീ സൗഹൃദ ബജറ്റ്: കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി സീസണൽ പഴവർഗങ്ങളുടെ ഫുഡ് പ്രോസസിങ് യൂണിറ്റുകൾ രൂപീകരിയ്ക്കും. എംഎൽ റോഡിൽ വനിത ഷോപ്പിങ് മാൾ നിർമാണത്തിന് ഒരു കോടി രൂപയും ബ്രെസ്റ്റ് ക്യാൻസർ നിർണയ ക്യാമ്പിനായി 10 ലക്ഷം രൂപയും വകയിരുത്തി. നഗരസഭയുടെ ഡിജിറ്റൈലൈസേഷൻ പ്രവർത്തനങ്ങൾക്ക് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.