കോട്ടയം:നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 15ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കി. ഇതോടെ ഒരു മാസം നീണ്ടു നിന്ന അനിശ്ചിതത്തിനാണ് വിരാമമാകുന്നത്. കഴിഞ്ഞ മാസം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്‌ടമായത്.
ബിൻസി സെബാസ്റ്റ്യന്‍റെ തീരുമാനം നിർണായകം
എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നൽകിയത് വിവാദമായിരുന്നു. അതിനാൽ ബിജെപിയുടെ പിന്തുണയിൽ ഭരണത്തിന് ശ്രമിക്കില്ലായെന്ന് എൽഡിഎഫ് വ്യക്തമാക്കുകയായിരുന്നു. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് യുഡിഎഫ് ക്യാമ്പിൽ എത്തിയ ബിൻസി സെബാസ്റ്റ്യന്‍റെ തീരുമാനം വീണ്ടും അധ്യക്ഷസ്ഥാന തെരഞ്ഞെടുപ്പിൽ നിർണായകമാകും.