കോട്ടയം: നിർത്തിയിട്ടിരുന്ന ലോറിയ്ക്കുപിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ സ്വകാര്യ ബസ് കണ്ടക്‌ടർ മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി ഷിബു ശിവനാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി പത്തുമണിയോടെ എം.സി റോഡിൽ കാരിത്താസിന് സമീപം റിലയൻസ് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.
റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പിന്നിൽ ഷിബുവിന്‍റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ടയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസിന്‍റെ കണ്ടക്ടറാണ് ഷിബു. ജോലി കഴിഞ്ഞ ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.