കോട്ടയം: ജനത്തെ ഭീതിയിലാഴ്‌ത്തി അതിരമ്പുഴയിൽ വീണ്ടും മോഷണ ശ്രമം. കഴിഞ്ഞ ദിവസം അതിരമ്പുഴ മറ്റംകവല കറുകച്ചേരിൽ സിബി ലൂക്കാസിന്‍റെ വീട്ടിൽ മോഷണ ശ്രമമുണ്ടായി. എന്നാൽ വീട്ടിൽ നിന്ന് ഒന്നും മോഷണം പോയില്ലെന്ന് സിബി പറഞ്ഞു. ഇതോടെ അതിരമ്പുഴയിൽ മോഷണ ശ്രമം നടന്ന വീടുകളുടെ എണ്ണം ഏഴായി. അതിരമ്പുഴയിൽ നവംബർ 27ന് പുലർച്ചെ ആറ് വീടുകളിൽ മോഷണ ശ്രമം നടന്നിരുന്നു.
അടിച്ചിറയ്ക്ക് സമീപവും മോഷണശ്രമം
നഗസഭയുടെ ഒന്നാം വാർഡായ അടിച്ചിറയ്ക്ക് സമീപം അഞ്ചു വീടുകളിൽ മോഷണ ശ്രമം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണ ശ്രമമുണ്ടായത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. വീടിന് പിന്നിൽ മൂന്നു പേരുടെതെന്ന് തോന്നിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മോഷണ ശ്രമത്തിന് പിന്നിൽ കുറുവ സംഘമെന്ന് തെളിവുകൾ
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷണ ശ്രമത്തിന് പിന്നിൽ കുറുവ സംഘമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മോഷണ രീതികളുടെയും വേഷത്തിന്‍റെയും അടിസ്ഥാനത്തിലാണ് മോഷണത്തിന് പിന്നിൽ കുറുവ സംഘമെന്ന നിഗമനത്തിലെത്തുന്നത്. മോഷണ ശ്രമം നടന്ന പ്രദേശങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതിരമ്പുഴക്ക് പുറമേ ഏറ്റുമാനൂർ നഗരസഭ നീണ്ടൂർ, ആർപ്പൂക്കര, കാണക്കാരി, മണർകാട് എന്നീ പഞ്ചായത്തുകളിലും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതിരമ്പുഴയിൽ കണ്ടെത്തിയ നാടോടി സ്‌ത്രീകളുടെ സംഘത്തെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ഇവരെ വിട്ടയക്കുകയായിരുന്നു.
മോഷണശ്രമം നടന്ന എല്ലാ വീടുകളുടെയും പിൻഭാഗത്തെ വാതിലുകളാണ് തുറക്കാൻ ശ്രമിച്ചിരിക്കുന്നത്. മോഷണശ്രമം നടന്ന അതിരമ്പുഴയിലെ മുജീബിന്‍റെ വീടിന്‍റെ ഭിത്തിയിൽ പ്രത്യേക അടയാളം കണ്ടെത്തി. ചുണ്ണാമ്പ് പോലുള്ള മിശ്രിതം ഉപയോഗിച്ച് ഉണ്ടാക്കിയതാണിതെന്നാണ് പ്രാഥമിക വിവരം.
READ MORE:മാരകായുധങ്ങളുമായി വാതില്‍ തകർത്തു; കുറുവ സംഘമെന്ന് സംശയം