കോട്ടയം: അന്തരീക്ഷ വായുവില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിച്ച് ചികിത്സ ആവശ്യത്തിനായി സിലിണ്ടറുകളില്‍ നിറയ്ക്കുന്ന കോട്ടയം ജില്ലയിലെ ആദ്യ പ്ലാന്‍റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. എലിക്കുളം പഞ്ചായത്തിലെ തമ്പലക്കാട് സ്ഥാപിക്കുന്ന പ്ലാന്‍റിന്‍റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ പിന്തുണയോടെ മലനാട് ഡവലപ്‌മെന്‍റ് സൊസൈറ്റിയാണ് പ്ലാന്‍റ് സ്ഥാപിയ്ക്കുന്നത്.
കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്ലാന്‍റ് സജ്ജമാകുന്നത്. ഒരു ദിവസം 240 ഡി-ടൈപ്പ് സിലിണ്ടറുകള്‍ ഇവിടെ നിറയ്ക്കാനാകും.
ഓക്‌സിജന്‍ പ്ലാന്‍റുകള്‍ ഇല്ലാത്ത ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ക്കും സിലിണ്ടറുകള്‍ നിറയ്ക്കുന്നതിന് മറ്റ് ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
Also read: ഓക്സിജന്‍ സ്വയം പര്യാപ്‌തതയിലേക്ക് കണ്ണൂര്‍ ; ജനറേറ്ററും സംഭരണിയും തയ്യാര്‍
നിലവില്‍ കോട്ടയം ജില്ലയ്ക്ക് ഏറ്റവുമടുത്ത് ഇത്തരം പ്ലാന്‍റുകളുള്ളത് മാവേലിക്കരയിലും എറണാകുളത്തുമാണ്. പുതിയ പ്ലാന്‍റ് പ്രവര്‍ത്തനമാരംഭിയ്ക്കുന്നതോടെ സമീപ ജില്ലകള്‍ക്ക് ആവശ്യമുള്ളവയും ഇവിടെ നിറയ്ക്കാനാകും. മലനാട് ഡവലപ്‌മെന്‍റ് സൊസൈറ്റി തന്നെയാണ് പ്ലാന്‍റിന്‍റെ ചിലവ് പൂര്‍ണമായും വഹിക്കുന്നത്.