കോട്ടയം: ആശങ്ക വര്‍ധിപ്പിച്ച് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. പുതിയതായി ഇന്ന് ആറ് പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17 ആയി. ഇതോടെ ഓറഞ്ച് സോണിലായിരുന്ന ജില്ലയെ റെഡ് സോണായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കോട്ടയത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ്; റെഡ് സോണായി പ്രഖ്യാപിച്ചു
ജില്ലയിലെ ഏഴ് പഞ്ചായത്തുകളും കോട്ടയം മുൻസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകളും ഹോട്ട്‌സ്‌പോട്ടാണ്
കോട്ടയം ചന്തയിൽ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്‌റ്റില്‍ ഉൾപ്പെട്ടിരുന്ന മുട്ടമ്പലം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്‍റെ ബന്ധുവായ കുഴിമറ്റം സ്വദേശിനി, കോഴിക്കോട് നിന്നെത്തിയ മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർ, തൂത്തുക്കുടിയിൽ നിന്നെത്തി ചങ്ങനാശേരിയില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരൻ, സേലത്തു നിന്നെത്തിയ മേലുകാവ് മറ്റം സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥ, കോട്ടയം ചന്തക്കുള്ളിൽ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്ടാക്‌റ്റില്‍ ഉൾപ്പെട്ടിരുന്ന വടവാതൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് പുതുതായി കോട്ടയത്ത് രോഗബാധ സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസങ്ങളിൽ അവശ്യ സർവീസുകൾക്ക് മാത്രമാവും അനുമതിയെന്ന് ജില്ലാ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജില്ലയിലെ ഏഴ് പഞ്ചായത്തുകളും കോട്ടയം മുൻസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകളും ഹോട്ട്‌സ്‌പോട്ടിലാണ്. വൈറസ് പകരുന്നത് എവിടെ നിന്നെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജില്ലയിൽ സാമ്പിൾ പരിശോധന വിപുലീകരിക്കും. വൈറസ് ബാധിതരുമായി അടുത്തിടപഴകിയവർക്ക് പുറമെ ഗർഭണികൾ, വയോജനങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരെയും പരിശോധനക്ക് വിധേയരാക്കും.