കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി ജോർജിന്‍റെ ആരോപണങ്ങൾ തള്ളി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ദുരിത ബാധിത മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരികയാണ്. പുനരധിവാസ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന പി.സി ജോർജിന്‍റെ ആരോപണം വാർത്ത സൃഷ്‌ടിക്കുന്നതിന് വേണ്ടി മാത്രമാണ്. യാഥാർഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
ദുരിത ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചിട്ടില്ലെന്നാണ് പി.സി ജോർജിന്‍റെ പ്രധാന ആക്ഷേപം. മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകിയതിൽ കൊക്കയാറിലും കൂട്ടിക്കലിലും വിവേചനമുണ്ടായെന്നും പി.സി ജോർജ് ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്നില്ലെങ്കിലും പുനരധിവാസ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.
പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ മാധ്യമങ്ങളെ കാണുന്നു നാട്ടുകാരിൽ ആർക്കും മറിച്ച് ഒരഭിപ്രായമില്ല. പി.സി ജോർജിന്‍റെ ആരോപണം അർഥമില്ലാത്തതാണ്. മരിച്ചവരുടെ കുടുംബങ്ങൾ നൽകുന്ന ധനസഹായം നിശ്ചയിക്കുന്നത് കേന്ദ്ര ദുരന്ത നിവാരണ നിയമം അനുസരിച്ചാണ്, അല്ലാതെ പഞ്ചായത്തല്ലെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ'
മീനച്ചിലാറിന്‍റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പദ്ധതിക്ക് ശനിയാഴ്‌ച തുടക്കം കുറിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി. പ്രളയവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞ പുഴയെ വീണ്ടെടുക്കാനും തടസങ്ങൾ നീക്കി ആഴം സംരക്ഷിക്കാനുമുള്ള യജ്ഞം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഒരു വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യത്തേതാണെന്ന് എംഎൽഎ അറിയിച്ചു.
ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ മീനച്ചിലാറിനെ മൂന്ന് സോണുകളായി തിരിച്ച് ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന നദീശുചീകരണ പ്രവർത്തനങ്ങളിൽ ആയിരത്തോളം സന്നദ്ധ പ്രവർത്തകർ പങ്കെടുക്കും. 20 ലക്ഷം രൂപ ഇതിനായി വകയിരുത്തിയതായി നഗരസഭ ചെയർപേഴ്‌സൺ സുഹറ അബ്‌ദുള്‍ ഖാദർ അറിയിച്ചിട്ടുണ്ട്.
ലോക ബാങ്ക് പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 275 കോടി രൂപയുടെ സഹായ അഭ്യർഥനയാണ് ലോക ബാങ്കിന് സമർപ്പിച്ചത്. ജലസേചന, റവന്യൂ വകുപ്പുകളും തൊഴിലുറപ്പ് പദ്ധതിയും 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പദ്ധതിയുമായി സഹകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.
Also read: സി വി വര്‍ഗീസിന്‍റെ വധഭീഷണി പുച്ഛത്തോടെ തള്ളുന്നു: കെ. മുരളീധരൻ