കോട്ടയം: ആറ് പതിറ്റാണ്ട് തങ്ങൾക്ക് തുണയായിരുന്ന കെ.എം.മാണി എന്ന ജനനേതാവിന്‍റെ 88ആം ജന്മദിനത്തിൽ ഓർമ്മ പുതുക്കിയും പ്രണാമർപ്പിച്ചും നൂറുകണക്കിന് പേർ നഗരത്തിലെത്തി. പാലാ മുനിസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ സജീകരിച്ചിരുന്ന പൂർണ്ണകായ ചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി അർപ്പിക്കാനായി അവർ ഒന്നായി എത്തിച്ചേർന്നു. മാണിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷൻ സംസ്ഥാനമൊട്ടാകെ 1000 കേന്ദ്രങ്ങളിലായി "ഹൃദയത്തിൽ മാണിസാർ" എന്ന പേരിൽ സംഘടിപ്പിച്ച സ്മൃതി സംഗമങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് പാലായിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങാണ് തലമുറകളുടെ കൂടിച്ചേരലിന് വേദിയായത്.
88 ആം ജന്മദിനത്തില്‍ കെ.മാണിക്ക് ആദരമര്‍പ്പിച്ച് കോട്ടയം - km mani birthday
കെ.എം.മാണി ഫൗണ്ടേഷൻ സംസ്ഥാനമൊട്ടാകെ 1000 കേന്ദ്രങ്ങളിലായി "ഹൃദയത്തിൽ മാണിസാർ" എന്ന പേരിൽ സ്മൃതി സംഗമങ്ങള്‍ സംഘടിപ്പിച്ചു.
മാണിയുടെ സ്നേഹസ്പർശം ഏറ്റവരും പൊതു പ്രവർത്തനത്തിൽ അദ്ദേഹത്തോടൊപ്പം പങ്കാളിയായവരും സഹായം ലഭിച്ചവരും മാണിയുടെ ഓർമ്മകൾ പങ്കുവച്ചു. സ്റ്റേജിൽ സ്ഥാപിച്ച എൽ.ഇ.ഡി സ്ക്രീനിൽ മാണിയുടെ മുൻകാല പ്രസംഗങ്ങളും നേതാക്കളുടെ അനുസ്മരണങ്ങളും പ്രദർശിപ്പിച്ചു കൊണ്ടിരുന്നു. പ്രാർഥനാ ഗീതങ്ങളാൽ മുഖരിതമായിരുന്നു വേദി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കിയായിരുന്നു ക്ഷണിക്കപ്പെട്ട സദസ്. തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പാലാ മേഖലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സ്മൃതി സംഗമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക ജനപങ്കാളിത്തം ഉറപ്പു വരുത്തി നടത്തിയിരുന്നു. അയ്യായിരത്തില്‍പ്പരം പേർ ഈ ചടങ്ങുകളിൽ പങ്കാളികളായി.
മാണിയുടെ മുൻകാല സഹപ്രവർത്തകരെ ചടങ്ങുകളിൽ ആദരിക്കുകയും ചെയ്തു. സ്മൃതിസംഗമ വേദിയിൽ സജീകരിച്ചിരുന്ന മാണിയുടെ ഛായാചിത്രത്തിന് മുമ്പിൽ പാലാ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പില്‍ പുഷ്പാർച്ചന നടത്തി. തുടർന്ന് ജോസ് കെ. മാണി, ഡോ.എൻ.ജയരാജ് എം.എൽ.എ, റോഷി അഗസ്ത്യൻ എം.എൽ.എ തുടങ്ങിയവര്‍ പങ്കെടുത്തു.