കോട്ടയം: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. കോട്ടയം മെഡിക്കൽ കോളജിലാണ് പരിപാടി സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ ഉദ്ഘാടനം ചെയ്‌തു.
കൊവിഡ് മഹാമാരി പടർന്നുപിടിക്കുന്ന സമയത്ത് രക്തത്തിന്‍റെ ദൗർലഭ്യം മൂലം ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രോഗികളുടെ ജീവന് ഭീഷണിയാകുന്നു. പ്രസവങ്ങളിലാണ് ഇത് കൂടുതല്‍ പ്രതിസന്ധിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
18നും 45നും മധ്യേയുള്ള യുവാക്കൾ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാൽ ഒരു മാസത്തേക്ക് രക്തദാനം ചെയ്യാന്‍ പാടില്ല. ഇത് പ്രശ്നം സങ്കീർണമാക്കും. ഈ സാഹചര്യത്തില്‍ കെജെയു നടത്തുന്നത് ധാർമ്മിക പ്രവർത്തനമാണെന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അയൽക്കാരൻ രോഗം പിടിപെട്ട് ഭക്ഷണവും മരുന്നും ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ പണമുള്ളവർ അവരെ സഹായിക്കാൻ തയ്യാറാകാണമെന്ന് നവജീവൻ ട്രസ്റ്റി പി.യു തോമസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന് വേണ്ടി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ല പ്രസിഡന്‍റ് കെ.ജി ഹരിദാസ് അധ്യക്ഷനായിയിരുന്നു. അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര പത്രപ്രവർത്തക ദിനമായ മെയ് മൂന്നിന് 100 പേരെ സംഘടിപ്പിച്ച് രക്തദാനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.