കോട്ടയം:കേരള കോൺഗ്രസ് എം ജോസ് കെ മാണി പക്ഷത്തിൻ്റെ രാഷ്ട്രീയ നിലപാട് വെള്ളിയാഴ്ചക്ക് മുമ്പ് പ്രഖ്യാപിച്ചേക്കും. ഇതു സംബന്ധിച്ച അവസാനഘട്ട അഭിപ്രായ സമന്വയ ചര്‍ച്ചയിലാണ് ജോസ് കെ മാണിയും സിപിഎമ്മും. ഇടതുപാളയത്തിൽ ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പനെയും അപസ്വരമുയർത്തുന്ന സിപിഐയേയും വരുതിയിലെത്തിക്കാനുള്ള അവസാന ഘട്ട പ്രയത്നം സിപിഎം നടത്തുമ്പോൾ അണികളുടെയും നേതാക്കളുടെയും പിന്തുണയുറപ്പിക്കുകയാണ് ജോസ് കെ മാണി. എൽഡിഎഫിനൊപ്പം നിന്ന് 12 സീറ്റുകളെങ്കിലും നേടുകയെന്നതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. നിലപാട് പ്രഖ്യാപനത്തിന് ശേഷം മാത്രമാണ് മറ്റ് ചർച്ചകൾക്ക് പ്രസക്തിയുണ്ടാവുകയെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു.
വെള്ളിയാഴ്‌ചയ്ക്ക് മുന്നേ അറിയാം: ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് - മാണി സി കാപ്പന്‍
മാണി സി കാപ്പനെയും സിപിഐയേയും വരുതിയിലെത്തിക്കാനുള്ള അവസാന ഘട്ട പ്രയത്നം സിപിഎം നടത്തുമ്പോൾ അണികളുടെയും നേതാക്കളുടെയും പിന്തുണയുറപ്പിക്കുകയാണ് ജോസ് കെ മാണി.
പാലാ സീറ്റ് കേന്ദ്ര ബിന്ദുവാക്കിയുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ ജോസിൻ്റെ ആവശ്യം സിപിഎം അംഗികരിക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് സീറ്റു വിട്ടുനൽകില്ലെന്ന വാദമുയർത്തി മാണി സി കാപ്പൻ രംഗത്തെത്തിയത്. എൻസിപിക്ക് രാജ്യസഭാ സീറ്റ് നൽകി മാണി സി കാപ്പനെ ഒതുക്കാനുള്ള സിപിഎം ശ്രമത്തിന് എൻസിപി സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണയുണ്ടായിരുന്നു എന്നും സൂചനയുണ്ട്. മാണി സി കാപ്പൻ്റെ ഒറ്റയാൾ പോരാട്ടം എത്രത്തോളം വിജയത്തിലെത്തുമെന്നതും കണ്ടറിയണം. അതേസമയം പാലാ സീറ്റ് മുൻനിര്‍ത്തി എൻസിപിയെ യുഡിഎഫിലെത്തിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായാണ് സൂചന.