കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കേരളാ കോൺഗ്രസ് ജോസഫ് - ജോസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മുറുകുന്നു. കോൺഗ്രസ് നിർദേശം ജോസ് കെ മാണി വിഭാഗം തള്ളിയതോടെ നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗവും രംഗത്തെത്തി. കേരള കോൺഗ്രസിന്‍റെ ഊഴത്തിൽ ആദ്യ എട്ട് മാസം ജോസ്.കെ.മാണി പക്ഷത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിന്നുമെന്ന ധാരണ പ്രകാരമാണ് സെബാസ്റ്റ്യന്‍ കുളത്തിങ്കൽ പ്രസിഡന്‍റായത്.
കേരളാ കോൺഗ്രസ് എമ്മില്‍ തർക്കം രൂക്ഷം - kerala congress m conflict
കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ഈ മാസം 30 ന് നടക്കുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്തേക്കും
ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞ് നൽകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യ ജോസ് പക്ഷം പൂർണമായും തള്ളിയിരുന്നു. ധാരണപത്രമില്ലാതെ സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്. ഇതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. സ്ഥാനം ഒഴിയേണ്ടിവന്നാൽ മുന്നണി വിടുണമെന്ന ആവശ്യവും ജോസ് പക്ഷത്തിൽ നിന്നുയരുന്നുമുണ്ട്. അതേസമയം ഈ മാസം 30 ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ അനുകൂല നിലപാട് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. വ്യത്യസ്ത നിലപാടുണ്ടാകുന്ന പക്ഷം കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
ഇടതു മുന്നണിയിൽ വിപുലീകരണമുണ്ടാകുമെന്ന എൽ.ഡി.എഫ് നേതാക്കളുടെ പ്രതികരണത്തോടെ കേരളാ കോൺഗ്രസിലെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകളും സജീവമാവുകയാണ്.